ഇസ്ലാമാബാദ് : ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 70 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പാകിസ്ഥാൻ. പാകിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി പിടികിട്ടാപ്പുള്ളികളായ ഭീകരരുടെ പട്ടിക അടങ്ങിയ ‘റെഡ് ബുക്ക്’ പുറത്തിറക്കിയിട്ടുണ്ട് . ഇതിലാണ് മസൂദ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ച് വർഷത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്നതാണ് ഈ റെഡ് ബുക്ക് .മസൂദ് അസ്ഹറിനെക്കുറിച്ച് പാകിസ്ഥാൻ മുൻപും ഇത്തരത്തിൽ പല വാദങ്ങളും ഉന്നയിച്ചിട്ടുണ്ട്. 2021-ൽ, മസൂദ് രാജ്യം വിട്ടെന്നും അഫ്ഗാനിസ്ഥാനിലാണെന്നും പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എഫ് എ ടി എഫിന്രെ ‘ഗ്രേ ലിസ്റ്റിൽ’ നിന്ന് പുറത്തുകടക്കുന്നതിനായുള്ള പ്രചാരണമായിരുന്നു ഇത്. അതേ വർഷം തന്നെ, മസൂദ് അസ്ഹറിനായി 50 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ, അഞ്ച് വർഷത്തിന് ശേഷം പുറത്തിറക്കിയ പുതിയ റെഡ് ബുക്കിൽ ഈ തുക 70 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിരിക്കുന്നു.
എഫ് എ ടി എഫ് പ്ലീനറിക്ക് മുന്നോടിയായി വെറും പ്രഹസനം എന്ന നിലയിൽ പാകിസ്ഥാൻ നടത്തുന്ന ഒരു നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. മസൂദ് അസർ അഫ്ഗാനിലാണെന്ന പാകിസ്ഥാന്റെ വാദം ദിവസങ്ങൾക്ക് മുൻപ് അഫ്ഗാൻ തള്ളിക്കളയും ചെയ്തിരുന്നു.

