തിരുവനന്തപുരം: തടവുകാർക്ക് നൽകുന്ന ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ . ഈ മാറ്റങ്ങളിലൂടെ വർഷം ഏകദേശം 5.7 കോടി രൂപ ലാഭിക്കാനാകുമെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ചെലവ് കുറയ്ക്കുന്നതിനൊപ്പം തടവുകാരുടെ ആരോഗ്യപരമായ കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. മെനുവിൽ നിന്ന് മട്ടനും , മീനും ഒഴിവാക്കി പകരം ചിക്കൻ കറി, സോയ ചങ്ക്സ്, മുട്ട എന്നിവ ഉൾപ്പെടുത്താനാണ് പ്രധാന ശുപാർശ. മട്ടൻ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലീ രോഗങ്ങൾക്കും കാരണമായേക്കാമെന്ന് വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മട്ടനും മീനും വാങ്ങുന്നതിലും സൂക്ഷിച്ചുവെക്കുന്നതിലുമുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവിൽ മട്ടനായി 5.72 കോടി രൂപയും മീനിനായി 4.8 കോടി രൂപയുമാണ് വകുപ്പ് പ്രതിവർഷം ചെലവഴിക്കുന്നത്. ഇതിനു പകരമായി ചിക്കന് ഏകദേശം 1.26 കോടി രൂപയും, സോയ ചങ്ക്സിനും മുട്ടയ്ക്കുമായി ആകെ 3.4 കോടി രൂപയുമാണ് ചെലവ് വരിക.
നിലവിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചഭക്ഷണത്തിനൊപ്പം മീനും ശനിയാഴ്ചകളിൽ മട്ടനുമാണ് നൽകുന്നത്. മാംസാഹാരം വിളമ്പുന്ന ദിവസങ്ങളിൽ, അത് കഴിക്കാത്ത തടവുകാർക്ക് സസ്യാഹാര വിഭവങ്ങളാണ് നൽകുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രത്യേക ഭക്ഷണക്രമം തുടർന്നും നൽകും.

