പനാജി : ബലാത്സംഗ കേസിൽ തെഹൽക്ക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ ഗോവയിലെ മാപുസ കോടതിയിൽ കീഴടങ്ങി. ബോംബെ ഹൈക്കോടതിയുടെ ശിക്ഷയ്ക്കെതിരായ അപ്പീൽ പരിഗണിക്കുന്നതിന് മുമ്പ് കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് അദ്ദേഹം കീഴടങ്ങിയത്. കീഴടങ്ങലിൽ നിന്ന് ഒഴിവാക്കണമെന്ന തേജ്പാലിന്റെ അപേക്ഷ കഴിഞ്ഞ മാസം സുപ്രീം കോടതി തള്ളുകയും മൂന്ന് ആഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു .
ഹോട്ടൽ ലിഫ്റ്റിൽ ലൈംഗിക പീഡനം നടത്തിയതായി വനിതാ മാധ്യമപ്രവർത്തകയുടെ പരാതിയാണ് കേസിന് ആധാരം. 2013 നവംബർ 7, 8 തീയതികളിൽ ഗോവയിലെ ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ വച്ച് തരുൺ തേജ്പാൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വനിതാ പത്രപ്രവർത്തകയുടെ പരാതി . കേസ് കേട്ട ബോംബെ ഹൈക്കോടതിയും തേജ്പാൽ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ അദ്ദേഹം സുപ്രീം കോടതിയിൽ അപ്പീൽ നൽകി .
തന്റെ അപ്പീൽ ആദ്യം സുപ്രീം കോടതിയിൽ ലിസ്റ്റ് ചെയ്ത് വാദം കേൾക്കണമെന്നും അതിനുശേഷം കീഴടങ്ങലിന്റെ ആവശ്യകതയെക്കുറിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു ഉചിതമായ കേസുകളിൽ കീഴടങ്ങൽ ആവശ്യകതയിൽ നിന്ന് ഇളവ് നൽകാൻ കോടതിക്ക് അധികാരമുണ്ടെന്ന് തേജ്പാലിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. പ്രതി കീഴടങ്ങാതെ തന്നെ കോടതിക്ക് ക്രിമിനൽ അപ്പീൽ ലിസ്റ്റ് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം വാദിച്ചു.
ഗോവ സർക്കാരിനെ പ്രതിനിധീകരിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഈ അപേക്ഷയെ എതിർത്തു. കേസിന്റെ മെറിറ്റ് കണക്കിലെടുത്ത് ഇളവ് അപേക്ഷ തള്ളണമെന്ന് തുഷാർ മേത്ത ആവശ്യപ്പെട്ടു . തരുണ്‍ തേജ്പാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച്, ജൂലൈ ആറിനാണ് പത്തുവര്‍ഷത്തെ കഠിന തടവ് അദ്ദേഹത്തിന് വിധിച്ചത്. അപമാനിതയായ സ്ത്രീയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയിലുണ്ടായിരുന്നു.

