കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നിർണായക രേഖകൾ ചോർന്നതായി എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക . ചോർന്ന വിവരങ്ങളിൽ ഭൂരിഭാഗവും അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും, അന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ പൂർണ്ണ വിവരങ്ങൾ ലഭ്യമാകൂ എന്നും കളക്ടർ വ്യക്തമാക്കി. ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന രേഖകൾ മറ്റൊരു ഇമെയിൽ വിലാസത്തിലേക്കും അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് കളക്ടർ അറിയിച്ചു. സംഭവത്തിൽ സൈബർ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കെഎംആർഎൽ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും അന്വേഷണത്തിൽ പരിശോധിക്കും. രേഖകൾ ചോർന്നതുമൂലമുണ്ടായ ആഘാതത്തിന്റെ വ്യാപ്തി അന്വേഷണം പൂർത്തിയായാൽ മാത്രമേ വ്യക്തമാകൂ. കുറ്റക്കാരെ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

