കോട്ടയം : തനിക്ക് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോടാണെന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്തെത്തിയ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദിനൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുകുമാരൻ നായരുടെ ഈ പരാമർശം. കോട്ടയത്ത് വിദ്യാഭ്യാസ വകുപ്പിന്റെ ഫയൽ അദാലത്തിൽ പങ്കെടുക്കാൻ എത്തിയതിനിടെയാണ് മന്ത്രി സുകുമാരൻ നായരെയും കാണാനെത്തിയത്.
മന്ത്രിയുടെ വരവില്‍ സന്തോഷമുണ്ടെന്നും, മുസ്ലീം സമുദായവുമായും, ലീഗുമായും അഭിപ്രായ വ്യത്യാസം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.എല്ലാ മതങ്ങളോടും എന്‍എസ്എസിന് ഒരേ സമീപനമാണ്. അതില്‍ കൂടുതല്‍ ഇഷ്ടം മുസ്ലിം സമുദായത്തോടാണെന്നും ഇതുവരെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും സൗഹൃദപൂർണ്ണമായ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാകണമെന്നും, ആ നിലപാടുള്ള തങ്ങൾ ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി ഷംസുദ്ദീൻ പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് എൻ എസ് എസിന്റെ സംഭാവനകൾ നിസ്തുലമാണ്. നൂറ് കണക്കിന് വിദ്യാലയങ്ങളും കലാലയങ്ങളും നല്ല നിലയിൽ എൻ എസ് എസ് നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്തെ വിദ്യാഭ്യാസ വിഷയങ്ങളെ കുറിച്ചുള്ള ആശയങ്ങൾ കൈമാറുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത സംഭാവന വഹിച്ചവരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും വിദ്യാഭ്യസ വകുപ്പിന് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

