മയോ: മയോയിലെ കാസിൽബാറിൽ അന്തരിച്ച മലയാളിയുടെ മൃതദേഹം തിങ്കളാഴ്ച പൊതുദർശനത്തിന് വയ്ക്കും. കാസിൽബാറിലെ ബ്രാഫിയിലെ സെന്റ് അലോഷ്യസ് പള്ളിയാണ് പൊതുദർശനം. കൊല്ലം കൊട്ടാരക്കര സ്വദേശി ഷാൻ മാത്യു (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ഷാനിന്റെ അപ്രതീക്ഷിത വിയോഗം.
ആരോഗ്യപ്രവർത്തകനായി ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം എട്ടിന് പള്ളിയിൽ പോയി വന്ന ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം. നാട്ടിലുള്ള ഭാര്യ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് നാല് മുതൽ ഏഴ് വരെയാണ് പൊതുദർശനം. ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മയോ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, മയോ മലയാളി അസോസിയേഷൻ എന്നിവയുടെയും പ്രാദേശിക മലയാളി സമൂഹത്തിന്റെയും സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.

