കണ്ണൂർ: കർക്കടക മാസത്തിൽ ‘സാകേതം‘ എന്ന ഭക്തിസാന്ദ്രമായ രാമായണ പ്രഭാഷണ പരമ്പര അവതരിപ്പിച്ച സുപ്രസിദ്ധ ആത്മീയ പ്രഭാഷകൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്ററെ ആദരിച്ച് ന്യൂസ് ഇൻഡിപെൻഡൻസ്. കണ്ണൂരിൽ വെച്ച് നടന്ന ചടങ്ങിൽ ന്യൂസ് ഇൻഡിപെൻഡൻസ് മീഡിയ വിഭാഗം മേധാവി അമൽ കാനത്തൂർ മാസ്റ്റർക്ക് സ്നേഹോപഹാരം സമർപ്പിച്ചു. സന്ദീപ് കെ വി പൊന്നാട അണിയിച്ചു.
കേരളത്തിനകത്തും പുറത്തുമായി മൂവായിരത്തിൽ പരം വേദികളിൽ പ്രഭാഷണങ്ങൾ നടത്തി പ്രഭാഷക കേസരി പട്ടം നേടിയിട്ടുള്ള രാധാകൃഷ്ണൻ മാസ്റ്റർ. ഭാരതീയ തത്വചിന്ത, വേദോപനിഷത്തുകൾ, പുരാണേതിഹാസങ്ങൾ, സ്മൃതി ദർശനങ്ങൾ, കല, സാഹിത്യ മേഖലകൾ എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിശിഷ്ട വ്യക്തിത്വമാണ്. അസംഖ്യം പുരസ്കാരങ്ങളാൽ ആദരിക്കപ്പെട്ടിട്ടുള്ള അദ്ദേഹം ഭാരതീയ ആത്മീയ ചിന്താധാരയുടെ പ്രചാരകനാണ്. മൂല്യചുതി വന്നുകൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന് ആദ്ധ്യാത്മിക വെളിച്ചം പകർന്ന് സംസ്കൃതിയുടെ വീണ്ടെടുപ്പിന്റെ പാതയിലേക്ക് ആനയിക്കാൻ ചിദഗ്നി സനാതന ധർമ്മ പാഠശാല ആരംഭിച്ച അദ്ദേഹം, ശ്രീശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെയും സ്ഥാപകനാണ്.
ആകാശവാണിയിൽ നിരവധി സുഭാഷിതങ്ങൾ രാധാകൃഷ്ണൻ മാസ്റ്റർ അവതരിപ്പിച്ചിട്ടുണ്ട്. സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ കമ്പിൽ അക്ഷര കോളേജിന്റെ പ്രിൻസിപ്പലാണ്. പാരലൽ കോളേജ് അസോസിയേഷന്റെ ജില്ലാ-സംസ്ഥാന ഭാരവാഹിത്വം വഹിച്ചിട്ടുള്ള അദ്ദേഹം, നിർധനരായ നിരവധി വിദ്യാർത്ഥികൾക്ക് ഡിഗ്രി തലം വരെ സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഭാരതീയ ആത്മീയ വിജ്ഞാനത്തിന്റെ പ്രചാരണം മുൻനിർത്തി മുന്നോട്ട് പോകുന്ന രാധാകൃഷ്ണൻ മാസ്റ്റർ നിരവധി ആദ്ധ്യാത്മിക- വൈജ്ഞാനിക സംഘടനകളുടെ സാരഥിയാണ്.

