അടിമാലി : ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ചത് കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് നിഗമനം . കുട്ടികളിൽ ഒരാളുടെ കൈകളിൽ ‘തിന്നർ’ പുരണ്ടതായി കണ്ടെത്തി. കുട്ടികൾ തിന്നർ കുടിച്ചതായി മാതാപിതാക്കൾ പോലീസിനോട് പറഞ്ഞിരുന്നു . പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടികളുടെ ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടികളുടെ മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ച ഇരട്ടക്കുട്ടികൾ. കുട്ടികളുടെ പിതാവ് അഫ്സലിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ദമ്പതികൾ തമ്മിൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഫ്സലിന്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം മൊഴി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. കുട്ടികളിൽ ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റേയാൾ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
ചിതലിനടിക്കുന്ന കീടനാശിനി ഉള്ളിൽ ചെന്നെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിൽ പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ അവശേഷിക്കുന്ന കീടനാശിനിയുടെ കുപ്പി കണ്ടെത്തി. പവർ കട്ടിന്റെ സമയത്ത് താഴെ വീണ കീടനാശിനി അബദ്ധവശാൽ കുട്ടികളുടെ അകത്തു ചെന്നിരിക്കാം എന്നാണ് മാതാപിതാക്കളുടെ മൊഴി.
പോസ്റ്റ്മോർട്ടം പരിശോധന ഫലവും ആന്തരിക അവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ടും വരുന്നതുവരെ ഈ മൊഴി വിശ്വാസത്തിൽ എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

