ഡബ്ലിൻ: സ്പെയിനിലെ റിസോർട്ടിൽ ഐറിഷ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ്സുള്ള പുരുഷനെയും 45 വയസ്സുള്ള സ്ത്രീയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ജാക്കൂസിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇരുവരും ഐറിഷ് പൗരന്മാരാണെന്ന് വ്യക്തമാകുകയായിരുന്നു. അതേസമയം മരിച്ചവരുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
വലൻസിയയുടെ തെക്ക് ഭാഗത്തുള്ള ഒരു തീരദേശ റിസോർട്ടിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് മക്കളുണ്ട്. ഇവരാണ് ആദ്യം മൃതദേഹം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. സ്പാനിഷ് പോലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. മൃതദേഹങ്ങൾ അയർലൻഡിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

