തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി യുവജന കമ്മീഷൻ മുൻ ചെയർപേഴ്സണും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്ത ജെറോം ചുമതലയേൽക്കും. കല്ല്യാശ്ശേരിയിൽ നിന്നുള്ള എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ എം വിജിനാണ് സംസ്ഥാന സെക്രട്ടറി . തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു എന്നിവരെ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. ട്രഷററായി അഡ്വ ആർ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. ഗ്രീഷ്മ അജയ് ഘോഷ്, രാജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.
കൊല്ലം സ്വദേശിയാണ് ചിന്ത ജെറോം. എസ്എഫ്ഐ വഴിയാണ് സംഘടനാ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2007–08 കാലയളവിൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ കൂടിയായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കല്ല്യാശ്ശേരിയിൽ നിന്ന് വിജയിച്ച നേതാവാണ് എം വിജിൻ. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി തുടങ്ങി നിരവധി സംഘടനാ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ്, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, കണ്ണൂർ ജില്ലാ ട്രഷറർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

