ഗാൽവേ: പുതിയ അധ്യയന വർഷം ആരംഭിക്കാനാരിക്കെ സ്കൂളിലേക്ക് പോകാൻ ഗതാഗത സൗകര്യമില്ലാതെ വിദ്യാർത്ഥികൾ. ഗാൽവേയിലെ 30 ലധികം വിദ്യാർത്ഥികൾക്കാണ് സൗകര്യമില്ലാത്തത്. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇടപെടണമെന്നാണ് ഇവരുടെ രക്ഷിതാക്കളുടെ ആവശ്യം. പ്രതിസന്ധി നേരിടുന്നവരിൽ മുതിർന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുന്നു.
വിദ്യാഭ്യാസ വകുപ്പിനായി ബസ് ഐറാൻ നടത്തുന്ന സ്കൂൾ ഗതാഗത പദ്ധതി ഗാൽവേയിലെ വിദ്യാർത്ഥികൾക്കും അനുവദിക്കണമെന്ന ആവശ്യം നിലവിൽ ഉയരുന്നുണ്ട്. 2025ൽ, 181,000-ത്തിലധികം കുട്ടികളും യുവാക്കളും ഈ പദ്ധതിയുടെ പ്രയോജനം നേടിയിട്ടുണ്ട്. 2019 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
ആവശ്യകത വർദ്ധിച്ചിട്ടുണ്ടെങ്കിലും, പദ്ധതിയെ നിയന്ത്രിക്കുന്ന നിയമങ്ങൾ വലിയ മാറ്റമില്ലാതെ തുടരുന്നത് പല കുടുംബങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. കുട്ടികൾ അവരുടെ അടുത്തുള്ള നാഷണൽ സ്കൂളിൽ നിന്ന് കുറഞ്ഞത് 3.2 കിലോമീറ്റർ അകലെയോ അല്ലെങ്കിൽ അവരുടെ അടുത്തുള്ള പോസ്റ്റ്-പ്രൈമറി സ്കൂളിൽ നിന്ന് 4.8 കിലോമീറ്റർ അകലെയോ താമസിക്കുന്നുണ്ടെങ്കിൽ അവർക്ക് പൊതുവെ സ്കൂൾ ഗതാഗതത്തിന് അർഹതയുണ്ട്. എന്നാൽ വീടുകളിൽ നിന്നും ഒരുപാട് അകലെ മാറി പഠിക്കുന്ന കുട്ടികൾക്ക് ഈ സേവനം ലഭ്യമല്ല.

