ന്യൂഡൽഹി : ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ സഖ്യം നടത്തിയ മാർച്ചിനിടെ കേരളത്തിൽ നിന്നുള്ള നാല് രാജ്യസഭാ എംപിമാരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. എ.എ. റഹീം, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, വി. ശിവദാസൻ എന്നിവരെയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത എംപിമാരെ പോലീസ് ബലമായി നീക്കം ചെയ്യുകയും റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാഹനങ്ങളിൽ കയറ്റുകയും ചെയ്തതായി പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
കസ്റ്റഡിയിലായതിന് പിന്നാലെ, പോലീസ് വാഹനത്തിനുള്ളിലും മർദ്ദനമേറ്റതായി എ.എ. റഹീം ആരോപിച്ചു. ലാത്തിയും കാക്കി യൂണിഫോമും കാണിച്ച് പ്രതിഷേധക്കാരെ ഭയപ്പെടുത്താമെന്ന് കേന്ദ്രം കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ റഹീം പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധക്കാർക്കൊപ്പമുണ്ടായിരുന്ന വനിതാ പ്രവർത്തകയെ ക്രൂരമായി മർദ്ദിച്ചെന്നും അത് തടയാൻ തങ്ങൾ ഇടപെട്ടെന്നും റഹീം പറഞ്ഞു . എത്രത്തോളം ആക്രമണമുണ്ടായാലും എത്ര രക്തം ചീന്തേണ്ടി വന്നാലും പ്രതിഷേധത്തിൽ നിന്ന് ഒട്ടും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മർദ്ദനമേറ്റ റഹീമിന് അടിയന്തര വൈദ്യസഹായം നൽകണമെന്ന് എംപി ജോൺ ബ്രിട്ടാസ് പോലീസിനോട് ആവശ്യപ്പെട്ടു

