ഡബ്ലിൻ: നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ പിന്തുടർന്ന് പിടികൂടുന്നതിനുള്ള പരിശീലനം ഗാർഡകൾക്ക് ഈ വർഷം നൽകില്ല. അടുത്ത വർഷം ജനുവരിയ്ക്ക് ശേഷമേ ഗാർഡകൾക്ക് പരിശീലനം നൽകാൻ ആരംഭിക്കുകയുള്ളൂവെന്ന് ഗാർഡ കമ്മീഷണൽ ജസ്റ്റിൻ കെല്ലി അറിയിച്ചു. ഒയിറിയാച്ച്ടാസ് ജസ്റ്റിസ് കമ്മിറ്റിക്ക് മുൻപാകെ ഹാജരായ വേളയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇ- സ്കൂട്ടറുകളുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങളും അപകടങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിൽ ഗാർഡകൾക്ക് വാഹനങ്ങൾ പിന്തുടർന്ന് പിടികൂടുന്നതിനുള്ള പരിശീലനം നൽകണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു.
നിലവിൽ ഗാർഡ സേനയിൽ ഒരു വിഭാഗത്തിന് മാത്രമാണ് ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകുന്നത്. ഈ വർഷം ഗാർഡകൾക്ക് പരിശീലനം നൽകാൻ പദ്ധതിയിടുന്നില്ല. അടുത്ത വർഷം പരിശീലനം നൽകുന്നകാര്യം പരിഗണനയിലുണ്ട്. വാഹനങ്ങൾ പിന്തുടരാൻ ഗാർഡകളെ പ്രാപ്തരാക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണെന്നും കെല്ലി വ്യക്തമാക്കി.

