ഹൈദരാബാദ് : അക്വാൻ ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് . പലയിടങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒഡീഷയിലും, ആന്ധ്രാപ്രദേശിലും കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ ശ്രീ കാകുളം , വിജയനഗരം ജില്ലകളിൽ റെഡ് അലേർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലേർട്ടുകളും നിലവിലുണ്ട്. ഇരു സംസ്ഥാനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശത്ത് നിന്നുള്ളവരെ ഒഴിപ്പിക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
പുരി കടൽത്തീരത്ത് എൻ ഡി ആർ എഫ് സംഘങ്ങളും മറ്റ് ദുരിതാശ്വാസ സേനകളും കർശനനിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ബംഗാളിൽ പല ജില്ലകളിലും ശക്തമായ മഴ തുടരുകയാണ് . ശനിയാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അക്വാൻ ആഞ്ഞടിക്കുന്ന ഒഡീഷയിലെ ഗോപാല്പുരത്ത് കനത്ത മഴയാണ് പെയ്യുന്നത് .
ഝാർഖണ്ഡിലെ ധൻബാദ്, ബൊക്കാറോ, സെറൈകെല-ഖർസാവൻ, കിഴക്കൻ സിംഗ്ഭും, പടിഞ്ഞാറൻ സിംഗ്ഭും എന്നീ അഞ്ച് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഐഎംഡി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. റാഞ്ചി, ഗുംല, സിംഡെഗ ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.

