കാസർകോട് : മോഷണം നടന്ന വീട്ടിൽ നിന്ന് മണം പിടിച്ച പൊലീസ് നായ ഓടിയെത്തിയ സ്ഥലത്തിനു സമീപത്തെ വീട്ടിലെ ഗൃഹനാഥൻ ജീവനൊടുക്കി. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് സംഭവം. പെരിയാട്ടടുക്കം നീരാറ്റി തൊട്ടിയിലെ ബാലകൃഷ്ണൻ (58) നെയാണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈസൂരു വിരാജ്പേട്ട സ്വദേശിയാണ്.
മോഷണം നടന്ന വീട്ടിൽ നിന്ന് 200 മീറ്റർ മാറിയാണ് ബാലകൃഷ്ണന്റെ വീട് . പ്രഭാതസവാരിയ്ക്ക് പോയ സമയത്ത് വീട്ടിൽ നിന്ന് 2 പവന്റെ വളയും, 3 പവന്റെ ബ്രേസ്ലറ്റും, 3000 രൂപയും കവർന്നെന്ന് ധന്യയെന്ന യുവതിയാണ് പരാതി നൽകിയത്.
മകൾ മുകൾനിലയിൽ ഉറങ്ങുന്നതിനാൽ വീടുപൂട്ടി താക്കോൽ വൈദ്യുതിമീറ്റർ ബോക്സിൽ വച്ചു. താക്കോലെടുത്ത് വീട് തുറന്ന് കവർച്ച നടത്തിയ ശേഷം താക്കോൽ തിരികെ മീറ്റർ ബോക്സിൽ വച്ചതാണെന്ന് കരുതുന്നു. തിരികെയെത്തിയ ശേഷം മോഷണം നടന്നെന്ന് മനസിലായതോടെ ബേക്കൽ പൊലീസിൽ പരാതി നൽകിയെന്നാണ് ധന്യ പറയുന്നത്.
പൊലീസ് നായ ബാലകൃഷ്ണന്റെ വീടിനടുത്തു വരെ മണം പിടിച്ചെത്തി. തുടർന്ന് ഇയാളോടും, പരിസരത്തുള്ള മറ്റ് വീട്ടുകാരോടും ചോദ്യം ചെയ്യലിനായി സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. പൊലീസ് സംഘം മോഷണം നടന്ന വീട്ടിൽ തിരികെ എത്തിയതിനു പിന്നാലെ ബാലകൃഷ്ണനെ തൂങ്ങിയ നിലയിൽ കണ്ടതായി മകൻ വിളിച്ചറിയിക്കുകയായിരുന്നു.
പൊലീസെത്തി ബാലകൃഷ്ണനെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കാസർകോട്ടെ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .

