ഡബ്ലിൻ: അയർലൻഡിൽ സ്കൂൾ ബസ് നിരക്ക് വർധിപ്പിച്ച് സർക്കാർ. നിലവിലെ ഫീസിൽ നിന്നും 250 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. അതേസമയം സംഭവത്തിൽ രക്ഷിതാക്കളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
നിലവിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ ബസിനത്തിൽ പ്രതിവർഷം 100 യൂറോയാണ് ഈടാക്കുന്നത്. ഇത് 350 യൂറോ ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്. അടുത്ത വർഷം സെപ്തംബർ മുതൽ പുതിയ നിരക്ക് വർധനവ് പ്രാബല്യത്തിൽ വരും. രണ്ട് കുട്ടികളുള്ള വീടുകളിൽ പ്രതിവർഷം സ്കൂൾ ബസിനായി 650 യൂറോയാണ് ചിലവ്. ബജറ്റിന്റെ ഭാഗമായിട്ടാണ് സർക്കാരിന്റെ നിരക്ക് വർധനവ്. അതേസമയം ഇടത്തരം കുടുംബങ്ങളിലുള്ളവർക്ക് ഇത് വലിയ സാമ്പത്തിക ഭാരം ആയിരിക്കും സൃഷ്ടിക്കുക. ഇതേ തുടർന്നാണ് രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്ത് എത്തിയിട്ടുണ്ട്.

