ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയുടെ ജന്മഗ്രാമമായ പഞ്ചൂരിൽ വച്ചായിരുന്നു അന്ത്യം. പൗരി ഗർവാൾ എസ് പി സർവേഷ് പന്‍വാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇന്ന് ഹരിദ്വാറിൽ വച്ചാകും സംസ്ക്കാര ചടങ്ങുകൾ നടക്കുകയെന്നാണ് സൂചന . പൊലീസും, ജില്ലാ ഭരണകൂടവും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും സർവേഷ് പന്‍വാർ അറിയിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അതീവ ദു:ഖകരവും, ഹൃദയഭേദകവുമായ വേർപാടാണിതെന്നും ധാമി പറഞ്ഞു. ഒരു അമ്മയുടെ വാത്സല്യവും , അനുഗ്രഹവും, സ്നേഹവും, ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പാദ്യമാണെന്നും, അമ്മയുടെ മരണം ആ കുടുംബത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും ധാമി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സാവിത്രി ദേവിയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടേയെന്നും, ഈ വിയോഗം താങ്ങാനുള്ള ശക്തി യോഗി ആദിത്യനാഥിനും,കുടുംബത്തിനും ലഭിക്കട്ടേയെന്ന് കേദാർനാഥനോട് പ്രാർത്ഥിക്കുന്നുവെന്നും ധാമി പറഞ്ഞു.
അതേസമയം മാതാവിന്റെ മരണവാർത്ത അറിഞ്ഞിട്ടും യോഗി ആദിത്യനാഥ് മുൻ കൂട്ടി നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. വ്യക്തിപരമായ ദുഃഖത്തേക്കാൾ പൊതുസേവനത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്.

