ബെൽഫാസ്റ്റ്: കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ കലുഷിതമായി വടക്കൻ അയർലൻഡ്. രണ്ടാം ദിവസം രാത്രിയും പ്രക്ഷോഭകാരികൾ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പോലീസിന് ജലപീരങ്കിയുൾപ്പെടെ ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായി.
കൗണ്ടി ആൻഡ്രിമിൽ ബുധനാഴ്ച പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായി. പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്ക് നേരെ കല്ലുകളും പെട്രോൾ ബോംബുകളും എറിയുകയായിരുന്നു. വെസ്റ്റ് ബെൽഫാസ്റ്റിൽ സർക്കാർ വാഹനത്തിന് പ്രതിഷേധക്കാർ തീയിട്ടു. കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ചാണ് ബെൽഫാസ്റ്റിൽ പ്രക്ഷോഭകാരികൾ തെരുവിലിറങ്ങുന്നത്. അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

