ഡബ്ലിൻ: അയർലൻഡിൽ ബാങ്ക് അവധി വാരാന്ത്യത്തോട് അനുബന്ധിച്ചുള്ള വാഹന പരിശോധനകൾ തുടരുമ്പോൾ അമിത വേഗതയ്ക്ക് പിടിയിലായത് മൂവായിരത്തിലധികം പേർ. ദൗത്യം നാലാം ദിനവും തുടരുമ്പോഴാണ് ഇത്രയേറെ പേർ അമിത വേഗതയിൽ വാഹനം ഓടിച്ചതായി കണ്ടെത്തിയിരിക്കുന്നത്. നാളെ രാവിലെ ഏഴ് മണിവരെ ഗാർഡയുടെ പ്രത്യേക റോഡ് ദൗത്യം തുടരും.
3140 ഡ്രൈവർമാരാണ് അമിത വേഗതയിൽ സഞ്ചരിച്ചതായി വ്യക്തമായിരിക്കുന്നത്. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് 140 ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച മുതൽ 340 ഡ്രൈവർമാരാണ് മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് പിടിയിലായത്. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതായി കണ്ടെത്തിയവരുടെ എണ്ണവും നിരവധിയാണ്. അതേസമയം ഈ വാരാന്ത്യം റോഡപകടങ്ങളിലായി മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം 72 ആയി ഉയർന്നു.

