ഡബ്ലിൻ: ഐറിഷ് ജനതയുടെ എയർ ഫ്രൈയർ ഉപയോഗം സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി സർവ്വേ. കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. എയർ ഫ്രൈയർ വൃത്തിയാക്കുന്നതിന് കുറിച്ച് ചുരുക്കം ചിലർക്ക് മാത്രമാണ് അവബോധമുള്ളത്.
എയർഫ്രൈയറുകൾ ദിവസേന വൃത്തിയാക്കണം. സുരക്ഷിതമല്ലാത്ത ഉപയോഗവും ശരിയായി വൃത്തിയാക്കാത്തതും എയർഫ്രൈയറുകൾക്ക് തീപിടിക്കാൻ കാരണമാകും. എന്നാൽ ഇത് മനസിലാക്കി വെറും 44 ശതമാനം പേർ മാത്രമാണ് ദിവസേന എയർഫ്രൈയറുകൾ വൃത്തിയാക്കുന്നത്.
ഐപിഎസ്ഒഎസ് ബി ആൻഡ് എയുമായി ചേർന്ന് 1,011 പേരിലാണ് സർവ്വേ നടത്തിയത്. ഈ സർവ്വേയിൽ 73 ശതമാനം പേർ തങ്ങൾക്ക് എയർഫ്രൈയറുണ്ടെന്നും ഇതിൽ 41 ശതമാനം പേർ ദിവസേന ഇത് ഉപയോഗിക്കാറുണ്ടെന്നും വ്യക്തമാക്കി. ഉപയോക്താക്കളിൽ ഏഴ് ശതമാനം പേർ മാസത്തിൽ ഒരിക്കൽ മാത്രമാണ് ഇവ വൃത്തിയാക്കുന്നത്. മൂന്ന് ശതമാനം പേർ ഒരിക്കലും എയർഫ്രൈയർ വൃത്തിയാക്കാറില്ലെന്നും സമ്മതിച്ചിട്ടുണ്ട്.

