കൊച്ചി : എറണാകുളം പരിയത്ത്കാവ് മലയിടംതുരുത്തിലെ ഒഴിപ്പിക്കൽ നടപടി രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കർശന നിർദ്ദേശം നൽകി പെരുമ്പാവൂർ മുൻസിഫ് കോടതി . ശനിയാഴ്ചയോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കണമെന്നാണ് കോടതി നിർദേശം . ആലുവ റൂറൽ എസ്പിയോട് ഒഴിപ്പിക്കലിന് മതിയായ സുരക്ഷ ഒരുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുൻസിഫ് കോടതി കർശന നിലപാട് സ്വീകരിച്ചത്.
കഴിഞ്ഞ പത്ത് വർഷമായി പരിയത്ത്കാവിൽ താമസിക്കുന്ന ദളിത് കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത് . സുപ്രീം കോടതി ഉത്തരവ് പ്രകാരം കുടുംബങ്ങളെ ഒഴിപ്പിക്കാൻ കഴിഞ്ഞ ദിവസം നടത്തിയ ശ്രമം വൻ പ്രതിഷേധത്തിൽ അവസാനിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള 15-ാമത്തെ ശ്രമമാണിത്. കോടതി ഉത്തരവിന്റെ മറവിൽ കോളനി നിവാസികളെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാനുള്ള പോലീസിന്റെ നീക്കങ്ങൾക്കെതിരെ പ്രദേശത്ത് ശക്തമായ പ്രതിഷേധമുണ്ട്. കുടിയിറക്കൽ വിവാദത്തിൽ നിലവിലെ പോലീസ് നടപടിയെയും ആഭ്യന്തര വകുപ്പിനെയും മുൻ മന്ത്രി പി. രാജീവ് ശക്തമായി വിമർശിച്ചിരുന്നു
കോളനി നിവാസികൾക്ക് ഭൂമിയും വീടും നൽകുന്നത് വരെ സമരം തുടരാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട് . ബുധനാഴ്ചയാണ് കുടിയിറക്കൽ നടപടികൾ നടന്നത്. പോലീസിന്റെ ബലപ്രയോഗത്തെ കോളനി നിവാസികൾ എതിർത്തതിനെ തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് ഒഴിപ്പിക്കൽ നടപടികൾ നിർത്തിവച്ചു. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും രമേശ് ചെന്നിത്തല നിർദേശിച്ചിട്ടുണ്ട്.

