ചെന്നൈ; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ, പാർട്ടി സ്ഥാനാർത്ഥികളുടെ യോഗം വിളിച്ച് ചേർത്ത് വിജയ് . യോഗത്തിനിടെ, “മെയ് 4 ന് വിജയിച്ചതിന് ശേഷം നേരെ പനയൂരിലേക്ക് വരൂ; ഞാൻ നിങ്ങൾക്കായി ഇവിടെ കാത്തിരിക്കും” എന്നാണ് വിജയ് സ്ഥാനാർത്ഥികളോട് പറഞ്ഞത്.
ഏപ്രിൽ 23 ന് ഒറ്റ ഘട്ടമായാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ , ഡി.എം.കെ , നാം തമിഴർ കക്ഷി , ടിവികെ എന്നിവർ തമ്മിൽ ചതുർമുഖ മത്സരമാണ് നടക്കുന്നത്. ടിവികെ ആദ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് .
ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോൾ റിപ്പോർട്ടിൽ ടിവികെ 20 ശതമാനത്തിലധികം വോട്ടുകൾ നേടുമെന്നും 15 മുതൽ 30 വരെ സീറ്റുകൾ നേടുമെന്നുമാണ് സൂചന. എന്നാൽ ടിവികെ ഒറ്റകക്ഷിയായി തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനുള്ള സാധ്യതയും സർവ്വേകൾ തള്ളിക്കളയുന്നു.
ഈ സാഹചര്യത്തിലാണ് , മെയ് 4 ന് നടക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി ചെന്നൈയിലെ പനയൂരിലുള്ള പാർട്ടി ഓഫീസിൽ വിജയ് സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തിയത് . “വോട്ടെണ്ണൽ സമയത്ത് എല്ലാവരും വളരെ ശ്രദ്ധാലുവായിരിക്കണം. നമ്മളെല്ലാവരും വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വിജയിച്ചതിനുശേഷം, മറ്റെവിടെയും പോകരുത്, നേരെ പനയൂരിലേക്ക് വരൂ; ഞാൻ ഇവിടെ കാത്തിരിക്കും.” എന്നും വിജയ് യോഗത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥികളോട് പറഞ്ഞു.

