നമ്മുടെ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഇനമാണ് ഉള്ളി. ഉള്ളി കൊണ്ട് നമ്മൾ പലവിധത്തിലുള്ള കറികളും ഉണ്ടാക്കാറുണ്ട്. കറികൾക്ക് നല്ല രുചി നൽകുന്നു എന്നത് കൂടാതെ, കാൻസർ സാദ്ധ്യത കുറയ്ക്കുന്നു, മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു എന്നതും ഉള്ളിയുടെ ഗുണങ്ങളാണ്.
എന്നാൽ കടയിൽ നിന്നും വാങ്ങിക്കൊണ്ട് വരുന്ന ഉള്ളിയിൽ പലപ്പോഴും കറുത്ത, പൊടിപിടിച്ചത് പോലെയുള്ള പാടുകൾ നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഈ പാടുകൾ നിസ്സരമല്ല എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മണ്ണിൽ കാണപ്പെടുന്ന ആസ്പെർജില്ലസ് നൈജർ എന്ന അപകടകാരിയായ പൂപ്പലാണ് ഇത്.
ഗുരുതരമായ ന്യുമോണിയ രോഗത്തിന് കാരണമായേക്കാവുന്ന പൂപ്പലാണ് ആസ്പെർജില്ലസ് നൈജർ. ഉള്ളിയിൽ മാത്രമല്ല, ആപ്രിക്കോട്ട്, മുന്തിരി എന്നിവയിലും ഇവ കാണപ്പെടാറുണ്ട്.
ആസ്പർജില്ലസ് നൈജർ ന്യുമോണിയക്ക് കാരണമാകും എന്ന് മാത്രമല്ല, മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളിൽ വൃക്ക തകരാറുകൾക്കും കാരണമായേക്കാം. ഓക്സാലിക് ആസിഡ് പുറപ്പെടുവിക്കുന്ന പൂപ്പലായതിനാൽ ഇത് പ്രമേഹരോഗത്തിന് മരുന്ന് കഴിക്കുന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്ന അവസ്ഥയായ ഹൈപ്പോഗ്ലൈസീമിയക്ക് കാരണമാകുന്നു. ചിലരിൽ ഇവ നാഡീകോശങ്ങളെ ബാധിക്കുന്നതിനെ നാശത്തിനും തുടർന്ന് ഛർദ്ദി, മനം പിരട്ടൽ, തലവേദന, വയറുവേദന, വയറിളക്കം തുടങ്ങിയ അലർജി ലക്ഷണങ്ങൾക്കും ഇവ കാരണമാകുന്നു.
ഉള്ളിയിൽ കറുത്ത, പൊടിപിടിച്ച പാടുകൾ ഉണ്ടെങ്കിൽ ആ ഭാഗം ചെത്തി കളഞ്ഞിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്. പൂപ്പൽ ബാധ ഉള്ളിലേക്ക് കടന്നിട്ടുണ്ടെങ്കിൽ, അത്തരം ഉള്ളികൾ ഒഴിവാക്കുന്നതാണ് നല്ലത്.
ഈർപ്പം തട്ടാത്ത, കാറ്റും വെളിച്ചവും ആവശ്യത്തിന് ലഭിക്കുന്ന ഇടങ്ങളിൽ ഉള്ളി സൂക്ഷിച്ചാൽ അവയിൽ പൂപ്പൽ പിടിക്കുന്നത് ഒഴിവാക്കാം. പാചകത്തിന് ശേഷം ബാക്കി വരുന്ന ഉള്ളിക്കഷ്ണം പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും നല്ലതാണ്. അരിഞ്ഞ ഉള്ളിയാണെങ്കിൽ പ്ലാസ്റ്റിക് പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.