തിരുവനന്തപുരം: ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷെറിനെ ജയിൽ മോചിതയാക്കാനുള്ള മന്ത്രിസഭാ തീരുമാനം താൽക്കാലികമായി മരവിപ്പിച്ചു.ഷെറിനെ വിട്ടയക്കാനുള്ള തീരുമാനത്തിൽ ബാഹ്യസമ്മർദ്ദം ഉണ്ടായെന്ന ആരോപണവും, മന്ത്രിസഭാ തീരുമാനത്തിന് ശേഷവും ഷെറിൻ സഹതടവുകാരിയെ ആക്രമിച്ചതുമാണ് തീരുമാനം മരവിപ്പിക്കാനിടയാക്കിയത്.
ജനുവരിയിൽ ഷെറിനെ മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഫയൽ ഇതുവരെ ഗവർണറുടെ അംഗീകാരത്തിനായി അയച്ചിട്ടില്ല.ഷെറിൻ്റെ മോചനത്തിനെതിരെ ഗവർണർക്കും പരാതി ലഭിച്ചിട്ടുണ്ട്. തീരുമാനമെടുത്ത് ദിവസങ്ങൾക്കകം ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ചെങ്കിലും സ്ഥിതിഗതികൾ പ്രതികൂലമായതിനാൽ തുടർനടപടികളിൽ നിന്ന് സർക്കാർ വിട്ടുനിന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിളിച്ചുചേർത്ത കണ്ണൂരിലെ വനിതാ ജയിൽ ഉപദേശക സമിതി യോഗത്തിലാണ് ഷെറിനെ വിട്ടയക്കണമെന്ന ശുപാർശ നൽകിയത്.
കൊലപാതകം, ഗൂഢാലോചന, കുറ്റകൃത്യത്തിന് പ്രേരണ, തെളിവ് നശിപ്പിക്കൽ, കവർച്ച, ആക്രമണം തുടങ്ങി ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയാണ് ഇവർ ശിക്ഷിക്കപ്പെട്ടത്. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ചെങ്ങന്നൂരിൽ മകൻ്റെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന കാരണവർ (65) 2009 നവംബറിലാണ് കൊല്ലപ്പെട്ടത്.