ന്യൂഡൽഹി: 12 മണിക്കൂർ നീണ്ടുനിന്ന സുദീർഘമായ ചർച്ചയ്ക്കൊടുവിൽ വഖഫ് ഭേദഗതി ബിൽ പാസാക്കി രാജ്യസഭ. അധോസഭയിലും ഉപരിസഭയിലും ബിൽ പാസായതോടെ, രാഷ്ട്രപതിയുടെ അംഗീകാരം എന്ന സാങ്കേതികത കൂടി കടന്നാൽ ബിൽ നിയമമാകും.
രാജ്യസഭയിൽ വ്യാഴാഴ്ച ആരംഭിച്ച ബില്ലിന്മേലുള്ള ചർച്ച, വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടു. ഒടുവിൽ 95നെതിരെ 128 വോട്ടുകൾ നേടി ബിൽ പാസാകുകയായിരുന്നു. നേരത്തേ, 232നെതിരെ 288 വോട്ടുകൾ നേടി ബിൽ ലോക്സഭയിലും പാസായിരുന്നു.
ബില്ലിന് മതവുമായി യാതൊരു ബന്ധവും ഇല്ലെന്നും, വസ്തുവകകളുമായി ബന്ധപ്പെട്ട ബിൽ മാത്രമാണ് ഇതെന്നും, ബിൽ രാജ്യസഭയുടെ മേശപ്പുറത്ത് വെക്കവെ കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. നേരത്തേ ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനക്ക് വന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉമീദ് ബിൽ എന്ന പേരിലാകും പുതിയ ബിൽ അറിയപ്പെടുക.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ, ബിജെപി അംഗം ജഗദംബിക പാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാർലമെന്ററി സമിതി പരിശോധിച്ചിരുന്നു. 1995ലെ വഖഫ് ഭേദഗതി നിയമമാണ് നിലവിൽ കേന്ദ്ര സർക്കാർ വീണ്ടും ഭേദഗതി ചെയ്തിരിക്കുന്നത്. വഖഫ് ബോർഡുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, രജിസ്ട്രേഷൻ പ്രക്രിയകൾ ത്വരിതപ്പെടുത്തുക, രേഖകൾ കൈകാര്യം ചെയ്യുനതിൽ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുക എന്നിവയാണ് ഭേദഗതിയിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നത് എന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
പുതിയ ബിൽ നിയമമാകുന്നതോടെ വഖഫ് ബോർഡുകളിൽ സ്ത്രീകൾ ഉൾപ്പെടെ കൂടുതൽ പേർക്ക് പ്രാതിനിധ്യം ഉണ്ടാകും. രജിസ്ട്രേഷൻ, ഓഡിറ്റിംഗ് എന്നിവയ്ക്കായി ഡിജിറ്റൽ പോർട്ടൽ ആരംഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, പാർപ്പിടങ്ങൾ എന്നിവ നിർമ്മിക്കാൻ വഖഫ് ബോർഡുകൾക്ക് തങ്ങളുടെ ഭൂമി ഉപയോഗിക്കാൻ സാധിക്കും.