എല്ലാ സർക്കാർ സ്കൂളുകളിലും ഭഗവദ്ഗീത പാരായണം നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ . ജൂലൈ 14 നാണ് ഉത്തരവ് പുറപ്പെടുവിച്ചത് . എല്ലാ സർക്കാർ സ്കൂളുകളിലെയും വിദ്യാർത്ഥികൾ രാവിലെ ഭഗവദ്ഗീത പാരായണം ചെയ്യണമെന്നാണ് നിർദ്ദേശം . അർത്ഥം നോട്ടീസ് ബോർഡിൽ എഴുതുകയും വേണം .
ശ്രീമദ് ഭഗവദ്ഗീതയുടെ തത്വങ്ങൾ മാനുഷിക മൂല്യങ്ങൾ, പെരുമാറ്റം, നേതൃത്വപരമായ കഴിവുകൾ, തീരുമാനമെടുക്കാനുള്ള കഴിവ്, വൈകാരിക സന്തുലിതാവസ്ഥ, ശാസ്ത്രീയ ചിന്ത എന്നിവ വിദ്യാർത്ഥികളെ മനസിലാക്കിക്കാനാണ് പുതിയ തീരുമാനം.
ദേശീയ വിദ്യാഭ്യാസ നയം-2020 പ്രകാരം, ഇന്ത്യൻ പാരമ്പര്യത്തെയും വിജ്ഞാന സമ്പ്രദായത്തെയും അടിസ്ഥാനമാക്കിയുള്ള വിവിധ വിഷയങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടർ ഡോ. മുകുൾ കുമാർ സതി പറഞ്ഞു.
നേരത്തെ, ഉത്തരാഖണ്ഡിലെ സംസ്ഥാന പാഠ്യപദ്ധതി സംബന്ധിച്ച് മെയ് 6 ന് നടന്ന യോഗത്തിൽ, ശ്രീമദ് ഭഗവദ്ഗീതയും രാമായണവും അതിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദ്ദേശം നൽകിയിരുന്നു .ഭഗവദ്ഗീതയും രാമായണവും സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, വരുന്ന അധ്യയന വർഷം മുതൽ പുസ്തകങ്ങൾ ലഭ്യമാകുമെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു.
ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ മുഫ്തി ഷാമൂൺ ഖാസിമി സർക്കാരിന്റെ ഈ സംരംഭത്തെ സ്വാഗതം ചെയ്തു. സ്കൂളുകളിൽ ഭഗവദ്ഗീതയും രാമായണവും പഠിപ്പിക്കുകയും അവ ജനങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നത് വളരെ നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു . രാമനും കൃഷ്ണനും നമ്മുടെ പൂർവ്വികരാണെന്നും ഓരോ ഇന്ത്യക്കാരനും അവരെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു .

