കൊച്ചി : വെനിസ്വേലയ്ക്കെതിരായ യുഎസ് ആക്രമണം ഉടൻ നിർത്തണമെന്ന് താക്കീത് നൽകി സിപിഎം .‘ ഭരണമാറ്റം നടപ്പിലാക്കുന്നതിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി യുഎസ് വെനിസ്വേലയ്ക്ക് ചുറ്റും സൈനിക, നാവിക സേനകളെ അണിനിരത്തി. 2025 ഡിസംബർ ആദ്യവാരം പ്രഖ്യാപിച്ച യുഎസ് ദേശീയ സുരക്ഷാ തന്ത്രം 2025 ന്റെ യഥാർത്ഥ മുഖം ഇതാണ്. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ യുഎസ് സേനയെ കേന്ദ്രീകരിക്കുന്നതും മുഴുവൻ മേഖലയെയും തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള ഉദ്ദേശ്യം പരസ്യമായി പ്രഖ്യാപിക്കുന്നതും ട്രംപിന്റെ മൺറോ സിദ്ധാന്തത്തിന്റെ അനന്തരഫലമാണ്.
യുഎസ് ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും കരീബിയൻ കടലിൽ നിന്ന് എല്ലാ സൈനികരെയും പിൻവലിക്കണമെന്നും സിപിഎം ആവശ്യപ്പെടുന്നു. ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം, പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുത്. യുഎസ് ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ ഒരു പ്രമേയം പാസാക്കണം. വെനിസ്വേലയ്ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അമേരിക്കയിൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണം.‘ എന്നുമാണ് സിപിഎം പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം നഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണെന്നാണ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പറയുന്നത് . അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് വെനസ്വേലയ്ക്കെതിരായ അമേരിക്കൻ ആക്രമണം. ഇത്തരം കടന്നാക്രമണങ്ങൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.

