ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ഇന്ത്യ-പാക് യുദ്ധത്തിൽ രണ്ടുതവണ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം നവി പേത്തിലെ വൈകുണ്ഠ് ശ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ.
ഇന്ത്യ-പാക് യുദ്ധത്തിൽ രണ്ടുതവണ ഐഎഎഫ് പൈലറ്റായി പങ്കെടുത്ത കൽമാഡിക്ക് എട്ട് സർവീസ് മെഡലുകൾ ലഭിച്ചിട്ടുണ്ട് . 1964 ൽ പൈലറ്റായി വ്യോമസേനയിൽ തന്റെ കരിയർ ആരംഭിച്ചു. 1978 ൽ മഹാരാഷ്ട്ര പ്രദേശ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി അദ്ദേഹം രാഷ്ട്രീയ മുഖ്യധാരയിലേക്ക് പ്രവേശിച്ചു. 1982-ൽ ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996-ൽ ലോക്സഭാംഗമായി. പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൽ റെയിൽവേ സഹമന്ത്രിയായിരുന്നു അദ്ദേഹം.
റെയിൽവേ ബജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രി എന്ന റെക്കോർഡും കൽമാഡിക്ക് സ്വന്തമാണ്. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, ഏഷ്യൻ അത്ലറ്റിക് അസോസിയേഷൻ, അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2003-ൽ ഹൈദരാബാദിൽ നടന്ന ആദ്യത്തെ ആഫ്രോ-ഏഷ്യൻ ഗെയിംസ് സംഘടിപ്പിച്ചതും അദ്ദേഹമാണ് . 2008-ൽ പൂനെയിൽ നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിന്റെ സംഘാടക സമിതിയുടെ ചെയർമാനായിരുന്നു അദ്ദേഹം.
2010-ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസിൽ ഫണ്ട് ദുരുപയോഗം ചെയ്തതിന് കൽമാഡിയ്ക്കെതിരെ അന്വേഷണം നടത്തി 2011 ഏപ്രിലിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ആരോപണങ്ങളെ തുടർന്ന് അദ്ദേഹത്തെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഈ കേസിൽ ഡൽഹി കോടതി അടുത്തിടെ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു

