കൊല്ലം : ആർഎസ്പി നേതാവ് എൻ കെ പ്രേമചന്ദ്രന്റെ മകൻ രാഷ്ട്രീയ രംഗത്തേയ്ക്ക് വരുന്നതായി സൂചന. പിതാവിന്റെ പാത പിന്തുടർന്ന് ഇരവിപുരം മണ്ഡലത്തിൽ കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കാനുള്ള നീക്കം പാർട്ടി തലത്തിൽ സജീവമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇതുസംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നതായും സൂചനയുണ്ട്. കൊല്ലത്തെ ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ് കാർത്തിക് പ്രേമചന്ദ്രൻ. എന്നാൽ കാർത്തിക്ക്, മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, ആർഎസ്പി നേതാവും മുൻ മന്ത്രിയുമായ ടി കെ ദിവാകരന്റെ മകൻ ബാബു ദിവാകരൻ ഇരവിപുരത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്നു.
കാർത്തിക്കിനെ മത്സരിപ്പിക്കാൻ പാർട്ടി ഏകകണ്ഠമായി തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. പാർട്ടിയുടെ തീരുമാനം നിർണായകമാണെന്നും തന്റെ മകന് സീറ്റ് ആവശ്യപ്പെടില്ലെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.
കാർത്തിക് പ്രേമചന്ദ്രനെ മക്കൾ രാഷ്ട്രീയത്തിന്റെ ഭാഗമായി മത്സരിപ്പിച്ചുവെന്ന ആരോപണം പാർട്ടിയിലും യുഡിഎഫിലും ഉയർന്നേക്കും. മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും പ്രേമചന്ദ്രന്റെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയത് കാർത്തിക് ആയിരുന്നു. ഷിബു ബേബി ജോണിനും കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും കാർത്തിക് ചവറയിൽ സജീവമായിരുന്നു. പ്രേമചന്ദ്രന്റെ മകൻ എന്ന നിലയിൽ മാത്രമല്ല, ജില്ലയിൽ അറിയപ്പെടുന്ന മുഖമാണ് കാർത്തിക്. നഷ്ടപ്പെട്ട മണ്ഡലം കാർത്തിക് വഴി തിരിച്ചുപിടിക്കാൻ കഴിയുമെന്ന് ആർ എസ് പി കണക്കുകൂട്ടുന്നു.

