പാലക്കാട് : പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍.ഇവരുടെ ഇളയമകള്‍ അഖിലയ്ക്ക് മൂന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പ്രതി ചെന്താമരയെ അടുത്തിടെ കോടതി ശിക്ഷിച്ചിരുന്നു.
2019 ആഗസ്റ്റ് 31നാണ് സജിതയെ പോത്തുണ്ടി തിരുത്തംപാടത്തെ വീട്ടില്‍ കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. തന്റെ കുടുംബം തകര്‍ത്തത് സജിതയാണെന്ന് അയല്‍വാസിയായ ചെന്താമരയുടെ സംശയമാണ് കൊലപാതകത്തിന് കാരണം.
ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ 2025 ജനുവരി 27ന് സജിതയുടെ ഭര്‍ത്താവ് സുധാകരന്,അമ്മ ലക്ഷ്മി എന്നിവരെയും പ്രതി ചെന്താമര വെട്ടിക്കൊന്നു.
അതിനിടെ,ഇടുക്കി കട്ടപ്പനയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കവെ മരിച്ച തൊഴിലാളികളായ തമിഴ്നാട് സ്വദേശികളുടെ കുടുംബത്തിനും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ജയറാം,മൈക്കിള്‍,സുന്ദരപാണ്ടിയന്‍ എന്നിവര്‍ക്ക് 5 ലക്ഷം രൂപ വീതം അനുവദിച്ചു.
പത്തനംതിട്ട ജില്ലയില്‍ പ്രകൃതി ദുരന്തത്തില്‍ വീടുകള്‍ക്ക് നാശം സംഭവിച്ച 143 ദുരന്തബാധിതര്‍ക്കും ധന സഹായം പ്രഖ്യാപിച്ചു.ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ 58,45,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് അനുവദിക്കും.

