അമൃത്സർ ; ലഹരിമരുന്നുമായി പാകിസ്ഥാനിൽ നിന്ന് വന്ന ഡ്രോണുകൾ ബി എസ് എഫ് പിടികൂടി. പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലെ അമൃത്സറിൽ വന്ന ആറ് ഡ്രോണുകളാണ് ബിഎസ്എഫ് പിടികൂടിയത്. അതിൽ നിന്ന് 2.34 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു. ജവാന്മാർ ഡ്രോണുകൾ നിർവീര്യമാക്കുകയും ചെയ്തു.
വ്യാഴാഴ്ച രാത്രി ധോനെ കലാൻ, പുൽ മോറ എന്നീ ഗ്രാമങ്ങളിലെ മുള്ളുവേലികൾക്ക് സമീപത്ത് നിന്നാണ് ഡ്രോണുകൾ കണ്ടെത്തിയതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് സൈനികർ ഉടൻ തന്നെ ഡ്രോൺ വെടിവച്ചു വീഴ്ത്തി.
ഇതിനുശേഷം, വെള്ളിയാഴ്ച രാവിലെ വയലുകളിൽ തിരച്ചിൽ നടത്തിയപ്പോഴാണ് , അവിടെ നിന്ന് 6 ഡ്രോണുകളും ഹെറോയിനും കണ്ടെടുത്തത്. പോലീസും അതിർത്തി സുരക്ഷാ സേനയും ചുറ്റുമുള്ള പ്രദേശത്ത് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.

