ഇടുക്കി : വൃഷ്ടിപ്രദേശത്തെ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ആർ1, ആർ2, ആർ3 ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം തുറന്നു. അണക്കെട്ടിൽ നിന്ന് 1064 ഘനയടി വെള്ളം തുറന്നുവിടുന്നുണ്ട് . മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.35 അടിയാണ്. ഇന്ന് രാവിലെ 9 മണിയോടെയാണ് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നത്.
വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ പെയ്തതിനാൽ അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നിരുന്നു. പെരിയാറിന്റെ തീരങ്ങളിലെ ജലനിരപ്പ് താഴ്ന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല. എങ്കിലും, നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
ഇടുക്കിയിൽ കനത്ത മഴയാണ് പെയ്യുന്നത്. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകൾ വെള്ളത്തിനടിയിലായി. കട്ടപ്പനയ്ക്ക് സമീപം ഉരുൾപൊട്ടലുണ്ടായതായി സംശയമുണ്ട്. കൂട്ടാർ, തേർഡ് ക്യാമ്പ്, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ പട്ടണങ്ങൾ വെള്ളത്തിനടിയിലാണ്. കുമളിയിൽ വെള്ളത്തിൽ മുങ്ങിയ വീടുകളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തി. കല്ലാർ അണക്കെട്ടിന്റെ ഷട്ടറുകൾ പൂർണ്ണമായും ഉയർത്തി.

