കൊച്ചി : വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച നെടുമ്പാശ്ശേരി മള്ളുശ്ശേരി സ്വദേശിയായ ബിൽജിത്ത് ബിജുവിന്റെ (18) ഹൃദയത്തുടിപ്പ് നിലയ്ക്കുന്നില്ല. കൊല്ലം അഞ്ചൽ സ്വദേശിയായ 13 കാരി ആവണിയ്ക്കാണ് ബിജുവിന്റെ ഹൃദയം നൽകുക . പെൺകുട്ടിയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൊച്ചിയിലെ ലിസി ആശുപത്രിയിൽ പൂർത്തിയായി.
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് ഹൃദയം കൊണ്ടുവന്നതിന് ശേഷം പുലർച്ചെ 1:30 ന് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ ആരംഭിച്ചു. പുലർച്ചെ 3.30 ന് ബിജുവിന്റെ ഹൃദയം 13 ആവണിയുടെ ശരീരത്തിൽ മിടിക്കാൻ തുടങ്ങി. അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ലിസി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. ബിൽജിത്തിന്റെ വൃക്കകൾ, കണ്ണുകൾ, ചെറുകുടൽ, കരൾ എന്നിവയും ദാനം ചെയ്തു. നെടുമ്പാശ്ശേരി കരിയാട് ദേശീയപാതയിൽ ഈ മാസം രണ്ടിന് രാത്രിയിൽ ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
കാലടി ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ബിൽജിത്ത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആവണിയുടെ കുടുംബത്തിന് ശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയിൽ ഉടൻ എത്താൻ സന്ദേശം ലഭിച്ചത്. ആദ്യം കുട്ടിയെ എയർലിഫ്റ്റ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്, എന്നാൽ വൈകിയതിനാൽ വന്ദേ ഭാരതിൽ കുട്ടിയെ കൊണ്ടുവരാൻ തീരുമാനിച്ചു.
വൈകുന്നേരം 7 മണിയോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ മൂന്ന് വർഷമായി ആവണി ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപ് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഐസക് ജോർജിന്റെ അവയവങ്ങളും ദാനം ചെയ്തിരുന്നു.

