ഡബ്ലിൻ: അയർലൻഡിൽ ലൈസൻസ് ലഭിച്ച ഇലക്ട്രിക് കാറുകളുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ മാസത്തിൽ കാറുകളുടെ എണ്ണത്തിൽ 118 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള കണക്കുകൾ. അതേസമയം ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ലൈസൻസ് ലഭിച്ച പുതിയ കാറുകളിൽ 24 ശതമാനവും ഇലക്ട്രിക് കാറുകൾ ആയിരുന്നു.
മെയ് മാസത്തിൽ ആദ്യമായി 3,010 പുതിയ ഇലക്ട്രിക് കാറുകൾക്ക് ലൈസൻസ് ലഭിച്ചതായി സിഎസ്ഒ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 1,382 ആയിരുന്നു. ഹൈബ്രിഡ് വാഹനങ്ങളുടെ ലൈസൻസിംഗിൽ ഈ വർഷം വലിയ വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 1,763 ഹൈബ്രിഡ് വാഹനങ്ങൾ ആയിരുന്നു ലൈസൻസ് നേടിയത്. ഈ വർഷം മെയ് മാസത്തിൽ ഇത് 2,727 ആയിരുന്നു.

