ഡബ്ലിൻ: അയർലൻഡിൽ ടയറുകൾ സൂക്ഷിച്ച സ്ഥലത്ത് തീപിടിത്തം. നിരവധി ടയറുകൾ കത്തിനശിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പുക പടർന്ന പശ്ചാത്തലത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
ബാലിബൗഗൽ പ്രദേശത്തായിരുന്നു സംഭവം. വിവരം ലഭിച്ചയുടൻ ഡബ്ലിൻ ഫയർ ബ്രിഗേഡ് അംഗങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു. ഉച്ചയോടെ തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ റബ്ബറിൽ നിന്നുള്ള ദുർഗന്ധംവമിക്കുന്ന പുക പ്രദേശത്ത് വ്യാപിക്കുകയായിരുന്നു.
സ്വോർഡ്സ്, ബാൽബ്രിഗൻ, ഫിബ്സ്ബറോ, താര സ്ട്രീറ്റ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ ഉൾപ്പെടെ ഏകദേശം 20 അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് തീ നിയന്ത്രണ വിധേയം ആക്കിയത്. പുക വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനലുകളും വാതിലുകളും അടച്ചിടണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

