ന്യൂഡൽഹി : വരും തലമുറ യുദ്ധവിമാന എഞ്ചിനുകൾ വികസിപ്പിക്കുന്നതിനായി ഫ്രാൻസുമായി തന്ത്രപരമായ സഹകരണത്തിനൊരുങ്ങി ഇന്ത്യ. ഇത് ഇന്ത്യയിലേക്ക് നൂതന രൂപകൽപ്പനയും നിർമ്മാണ സാങ്കേതികവിദ്യകളും കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.
തദ്ദേശീയ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) ഉൾപ്പെടെ ഭാവിയിലെ യുദ്ധ പ്ലാറ്റ്ഫോമുകൾക്ക് ശക്തി പകരുന്ന 120kN ത്രസ്റ്റ് എഞ്ചിൻ സംയുക്തമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 61,000 കോടി രൂപയുടെ പദ്ധതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇതിനായി ഫ്രാൻസിന്റെ സഫ്രാനും യുകെയുടെ റോൾസ് റോയ്സും നൽകുന്ന മത്സര ഓഫറുകൾ മന്ത്രാലയം വിലയിരുത്തിയിരുന്നുണ്ട്. സഫ്രാന്റെ നിർദ്ദേശത്തിൽ പൂർണ്ണ സാങ്കേതിക കൈമാറ്റം ഉൾപ്പെടുന്നു. ഇത് AMCA യുടെ വികസന സമയക്രമവുമായി യോജിക്കുന്നു, നേരത്തെയും സഫ്രാൻ നൽകിയ നിർദേശ്ശം പരിഗണനയിലായിരുന്നു.നിലവിലെ പദ്ധതി പ്രകാരം, ആദ്യത്തെ AMCA സ്ക്വാഡ്രണുകൾ യുഎസ് നിർമ്മിത GE-414 എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കും . അതേസമയം പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച ഒരു പ്രൊപ്പൽഷൻ സിസ്റ്റം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ സമാന്തരമായി തുടരുകയും ചെയ്യും.
അടുത്ത ദശകത്തിൽ ഇന്ത്യയ്ക്ക് 250-ലധികം പുതുതലമുറ എഞ്ചിനുകൾ ആവശ്യമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, എല്ലാ ഇന്ത്യൻ യുദ്ധവിമാനങ്ങളിലും വിദേശ എഞ്ചിനുകളാണ് സജ്ജീകരിച്ചിരിക്കുന്നത് . കാവേരി പദ്ധതി പ്രകാരം ഒരു ആഭ്യന്തര എഞ്ചിൻ സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ മുൻകാല ശ്രമം ആവശ്യമുള്ള ഫലങ്ങൾ നൽകിയില്ല, കാരണം എഞ്ചിൻ ആവശ്യമായ ത്രസ്റ്റ് ഉത്പാദിപ്പിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു. എന്നാൽ ഇതിനുള്ള ശ്രമങ്ങൾ വീണ്ടും തുടരുകയാണ്.

