ധാർവാഡ് : വെജിറ്റേറിയൻ ഓർഡർ ചെയ്ത വിദ്യാർത്ഥിക്ക് നോൺ-വെജ് വിഭവം ഡെലിവറി ചെയ്ത ഡൊമിനോസ് കമ്പനിക്ക് ഉപഭോക്തൃ കോടതി 50,000 രൂപ പിഴ ചുമത്തി. ബെൽഗാം ജില്ലയിലെ ബൈലഹോംഗല സ്വദേശിയായ പ്രദ്യുമ്നയാണ് വിദ്യാഗിരിയിലെ ഡൊമിനോസിൽ നിന്ന് പിസ്സ ഓർഡർ ചെയ്തത്.
ഒരു വെജ് പിസ്സ, ഒരു ഗാർലിക് പിസ്സ എന്നിവയാണ് പ്രദ്യുമ്ന ഓർഡർ ചെയ്തത് . ഓർഡർ ഡെലിവറി ചെയ്യാൻ വൈകിയതിനെച്ചൊല്ലി പ്രദ്യാംനയും ഡെലിവറി ബോയിയും തമ്മിൽ ചെറിയൊരു വാക്കുതർക്കമുണ്ടാകുകയും ചെയ്തു.
ഇതിനുശേഷം, മുറിയിലേക്ക് പോയി പാഴ്സൽ തുറന്ന് കഴിച്ചപ്പോൾ, വെജിറ്റേറിയന്‍ പകരം നോൺ-വെജ് ആണ് ഡെലിവറി ചെയ്തിരിക്കുന്നത് കണ്ടെത്തിയത്. ചിക്കൻ കഷണങ്ങളാണ് പിസയിൽ കണ്ടത് . ഡൊമിനോസിനെ വിളിച്ച് ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, വീണ്ടും ഓർഡർ ചെയ്യുമ്പോൾ നഷ്ടപരിഹാരമായി മറ്റെന്തെങ്കിലും ഭക്ഷണം അയയ്ക്കാമെന്ന് മാത്രമാണ് അവർ പറഞ്ഞത്.
തുടർന്ന് പ്രദ്യുമ്നൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ഉപഭോക്തൃ കോടതി സസ്യാഹാരത്തിന് പകരം മാംസാഹാരം നൽകുന്നതിലൂടെ ഡൊമിനോസ് സേവന ലംഘനം നടത്തിയതായി പറഞ്ഞു. ഇത് രേഖകളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. പരാതിക്കാരന് ഉണ്ടായ മാനസിക ബുദ്ധിമുട്ടിനും അസൗകര്യത്തിനും നഷ്ടപരിഹാരമായി 50,000 രൂപയും കേസിന്റെ ചെലവായി 10,000 രൂപയും നൽകാൻ ഉത്തരവിട്ടിട്ടുണ്ട്.

