അനഘ കെ പി
കേരളത്തിലെ കോർപ്പറേഷനുകളിൽ കണ്ണൂരിന് ചെറുപ്പമാണ്. കേരളത്തിൽ അവസാനമായി രൂപം കൊണ്ട കോർപ്പറേഷൻ ആണ് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ. 2015 ൽ ആയിരുന്നു പിറവി. നിലവിൽ ഉണ്ടായിരുന്ന നഗരസഭയോട് പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, എടക്കാട്, ചേലോറ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും ചേർത്താണ് പുതിയ മുനിസിപ്പൽ കോർപ്പറേഷൻ രൂപീകരിച്ചത്.
2015 ൽ തന്നെ ആദ്യ തിരഞ്ഞെടുപ്പ് നടന്നു. ആദ്യ പോരാട്ടത്തിൽ എൽഡിഎഫും യുഡിഎഫും 27 സീറ്റുകൾ വീതം നേടി സമൻമാർ ആയി. ഒരു സീറ്റ് വിമതനും നേടി. വിമതന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്നതിനുള്ള ആദ്യ ഊഴം എൽഡിഎഫിന് ലഭിച്ചു. എൽഡിഎഫിന്റെ ഇ.പി ലതയാണ് കോർപ്പറേഷനിലെ ആദ്യ മേയർ. 2020 ൽ നടന്ന രണ്ടാം അങ്കത്തിൽ കോർപ്പറേഷൻ യുഡിഎഫിനെ തുണച്ചു. 55 സീറ്റിലേക്ക് നടന്ന മത്സരത്തിൽ 20 സീറ്റ് യുഡിഎഫിനും,19 സീറ്റ് എൽഡിഎഫിനും, ഒരു സീറ്റ് എൻഡിഎയ്ക്കും ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചു. യു ഡി എഫിലെ മുസ്ലീഹ് മഠത്തിലാണ് നിലവിലെ മേയർ.
കണ്ണൂർ കോർപ്പറേഷനിലെ ഏറെ ശ്രദ്ധയമായ ഡിവിഷനാണ് കണ്ണൂർ കൊക്കേൻപാറ മൂന്നാം ഡിവിഷൻ. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി പി.മഹേഷ് ആണ് ജനവിധി തേടുന്നത്. 35 വർഷത്തോളം സജീവ രാഷ്ട്രീയ പ്രവർത്തകാനായിരുന്ന അദ്ദേഹം ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിന്റെ ഗോദയിലേക്ക് ഇറങ്ങുന്നത്. മൂന്നര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവങ്ങൾ കന്നിയങ്കത്തിൽ അദ്ദേഹത്തിന് തുണയായി ഉണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി കെ.സി ശ്രീജിത്ത് മാസ്റ്ററും എൽഡിഎഫ് സ്ഥാനാർഥിയായ എൻ ഷാജിയുമാണ് മൂന്നാം ഡിവിഷനിൽ അദ്ദേഹത്തെ നേരിടുന്നത്.
സ്കൂൾ കാലഘട്ടത്തിലാണ് രാഷ്ട്രീയത്തിലേക്കുള്ള മഹേഷിന്റെ ആദ്യ ചുവടുവയ്പ്പ്. കെഎസ് യുവിലൂടെയായിരുന്നു രാഷ്ട്രീയ തുടക്കം. എന്നാൽ ഇരുപത്തിയൊന്നാം വയസ്സിൽ സംഘപ്രസ്ഥാനം അദ്ദേഹത്തെ ആകർഷിച്ചു. ഹിന്ദു ഐക്യവേദിയുടെ പള്ളിക്കുന്ന് മേഖല പ്രസിഡന്റ് പദവി ആയിരുന്നു ആദ്യ ചുമതല. പിന്നീട് ഹിന്ദു ഐക്യവേദിയുടെ താലൂക്ക് സെക്രട്ടറിയായും ബിജെപിയുടെ അഴിക്കോട് നിയോജക മണ്ഡലം പ്രസിഡന്റ് ആയും ചുമതലയേറ്റു. നിലവിൽ ഒബിസി മോർച്ച കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറിയാണ് മഹേഷ്.
പലതും മനസിലുറപ്പിച്ചാണ് മഹേഷ് കന്നിയങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. കൊക്കേൻപാറയിലെ ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നടപ്പിലാക്കി,
സമഗ്രമായ വികസന കാഴ്ചപ്പാട് ജനങ്ങളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് അതിൽ ആദ്യത്തേത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമപരമായ വികസന പദ്ധതികളും ഗുണങ്ങളും കൊക്കേൻപാറയിലെ ജനങ്ങൾക്കും ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. കൊക്കേൻപാറയിലെ ജനങ്ങളുടെ വികസിത നാട് എന്ന സ്വപ്നങ്ങൾക്ക് ചിറക് നൽകുകയും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്. ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അരയും തലയും മുറുക്കി ശക്തമായ പ്രചാരണവുമായി അദ്ദേഹം ഇന്ന് ജനങ്ങൾക്കിടയിലുണ്ട്.

