ഡബ്ലിൻ: ഓസ്ട്രേലിയയിൽ ജീവിക്കുന്ന അയർലന്റുകാരുടെ എണ്ണത്തിൽ വർദ്ധന. ഇതോടെ ഓസ്ട്രേലിയയിൽ താമസമാക്കിയ അയർലന്റുകാരുടെ എണ്ണം 1 ലക്ഷം കവിഞ്ഞു. നിലവിൽ അയർലന്റിൽ ജനിച്ച 1,03,080 പേരാണ് തങ്ങളുടെ രാജ്യത്ത് താമസിക്കുന്നത് എന്നാണ് ഓസ്ട്രലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നത്.
2023 ലെ കണക്കുകൾ പ്രകാരം 94,540 അയർലന്റ് സ്വദേശികൾ ആയിരുന്നു ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം 8,500 പേർ പുതുതായി കുടിയേറിപാർത്തു. ഇതോടെയാണ് ആകെ എണ്ണം ഒരു ലക്ഷം കടന്നത്. 2000 ത്തിൽ ഓസ്ട്രേലിയയിൽ താമസമാക്കിയ അയർലന്റുകാരുടെ എണ്ണം 55000 ആയിരുന്നു. 25 വർഷങ്ങൾ പിന്നിടുമ്പോൾ പൗരന്മാരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ആണ് ഉണ്ടായിരിക്കുന്നത്.
വടക്കൻ അയർലന്റിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിപ്പാർക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2024 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ വടക്കൻ അയർലന്റിൽ നിന്നുള്ള 25,920 പേരാണ് ഓസ്ട്രേലിയയിൽ താമസിക്കുന്നത്. 2023 നെ അപേക്ഷിച്ച് 860 പേരുടെ വർദ്ധനവ് കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്.
27.1 മില്യണാണ് ഓസ്ട്രേലിയയിലെ ആകെ ജനസംഖ്യ. എന്നാൽ ഇതിലെ 8.6 മില്യൺ ആളുകളും വിദേശരാജ്യങ്ങളിലുള്ളവരാണ്. ബ്രിട്ടണിൽ നിന്നുള്ള 963,560 പേർ ഓസ്ട്രേലിയയിൽ താമസിക്കുന്നത്. 916,330 ഇന്ത്യക്കാരും ഓസ്ട്രേലിയയിൽ താമസിക്കുന്നുണ്ട്.

