ഡബ്ലിൻ: അയർലൻഡിൽ സാമൂഹിക ക്ഷേമ തട്ടിപ്പ് വ്യാപകമാകുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇത്തരം സംഭവങ്ങൾ അയർലൻഡിന്റെ ഖജനാവിന് 162 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കണക്കുകൾ. സാമൂഹിക സുരക്ഷാ മന്ത്രി ഡാരാഗ് കാലിയറിയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം മാത്രം സാമൂഹിക ക്ഷേമ തട്ടിപ്പ് സംബന്ധിച്ച 6,007 കേസുകൾ രജിസ്റ്റർ ചെയ്തു. 2023 നെ അപേക്ഷിച്ച് ആയിരം കേസുകൾ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 24.3 മില്യൺ യൂറോയുടെ നഷ്ടം ഖജനാവിന് ഉണ്ടായി. കർശന നടപടികളുടെ ഭാഗമായി പകുതിയോളം പണം തിരികെ എത്തിച്ചു. ഏഴ് വർഷത്തിനിടെ 43,058 തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാമൂഹിക ക്ഷേമ ആനുകൂല്യങ്ങൾ അർഹതയില്ലാതെ നേടിയെടുക്കുന്നതാണ് സാമൂഹിക ക്ഷേമ തട്ടിപ്പായി കണക്കാക്കുന്നത്.

