കോഴിക്കോട് : വീടിനുള്ളിൽ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുതിയ കോവിലകം പറമ്പ് സ്വദേശി ബിജുവാണ് മരിച്ചത് . ഞായറാഴ്ച പുലർച്ചെയാണ് വീടിന് പുറത്ത് നിർമ്മിച്ച മുറിയിൽ യുവാവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിലും വയറ്റിലും വെട്ടേറ്റ പാടുകൾ ഉണ്ടായിരുന്നു. മുറി പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നുണ്ട് . ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
ക്ഷീര കർഷകനായ ബിജുവിന്റെ അച്ഛൻ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലേക്ക് പോയിരുന്നു. രാവിലെ അമ്മ മുറി തുറന്നപ്പോഴാണ് ബിജുവിനെ രക്തം വാർന്ന നിലയിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ട് എത്തിയ അയൽക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് പ്രദേശത്ത് നടത്തിയ പരിശോധനകളിൽ ബിജു പോലീസിന് വിവരങ്ങൾ നൽകിയിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. കൊലപാതകത്തിന് പിന്നിൽ എന്തെങ്കിലും ശത്രുതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.

