കണ്ണൂർ: കണ്ണൂരിലെ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോം സ്വദേശിയായ സിജോയാണ് കൊല്ലപ്പെട്ടത് . വെള്ളോറയിലെ ഒരു റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. വേട്ടയാടുന്നതിനിടെയുണ്ടായ അപകടമായിരിക്കാം മരണമെന്നാണ് പ്രാഥമിക വിവരം. സിജോയുടെ സുഹൃത്ത് ഷൈനെ പോലീസ് കസ്റ്റഡിയിലെടുത്തു.
യുവാക്കൾ നാടൻ തോക്കുകൾ കൈവശം വച്ചിരുന്നു. കാട്ടുപന്നിയെ പിടിക്കാൻ പോയപ്പോഴാണ് അപകടം നടന്നതെന്ന് ഷൈൻ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പെരിങ്ങോം പോലീസ് അന്വേഷണം ആരംഭിച്ചു. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റും. പ്രദേശത്ത് കാട്ടുപന്നികൾ മനുഷ്യവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. മരണത്തിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന് പോലീസ് അന്വേഷിക്കും.

