കോഴിക്കോട് : കാർ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം കവർന്ന കേസിൽ 6 പേർ അറസ്റ്റിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി റാഫി മൻസിലിൽ ഐൻ മുഹമ്മദ് ഷാഹിൻ, നടക്കാവ് സ്വദേശി ചെറുവോട്ട് ഉദിത്ത്, കക്കോടി സ്വദേശി റദ്ദിൻ, കക്കോടി കുടത്തുംപൊയിൽ സ്വദേശി നിഹാൽ, കക്കോടി സ്വദേശി പൊയിൽത്താഴത്ത് അഭിനവ്, ചേളന്നൂർ ചെറുവോട്ട് വയൽ വൈഷ്ണവ് എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച്ച വൈകീട്ട് മാളിക്കടവ് ബൈപ്പാസ് റോഡിൽ കാർ നിർത്തി സംസാരിക്കുകയായിരുന്ന ദമ്പതികളെ ബൈക്കിൽ വന്ന പ്രതികൾ ആക്രമിക്കുകയായിരുന്നു. കാറിന്റെ ചില്ല് കല്ല് ഉപയോഗിച്ച് തകർക്കുകയും ദമ്പതികൾ കാർ മുന്നോട്ടേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ വണ്ടിയുടെ താക്കോൽ വച്ച് പരാതിക്കാരനെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. കൂടാതെ കാറിലുണ്ടായിരുന്ന സ്ത്രിയുടെ വസ്ത്രത്തിൽ കയറി പിടിക്കുകയും ചെയ്തു. എതിർക്കാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും 2000 രൂപ ഓൺലൈൻ ആയി അയപ്പിക്കുകയും ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. എന്നിട്ട് ഇവർ കടന്ന് കളയുകയായിരുന്നു.
പിന്നീട് ദമ്പതികൾ ചേവായൂർ പോലീസിൽ പരാതി നൽകി. തുടർന്ന് സിസിടിവി ദൃശ്യത്തിൽ പതിഞ്ഞ പ്രതികൾ ഉപയോഗിച്ച ബൈക്കിന്റെ നമ്പർ കണ്ടെത്തുകയും നേരത്തെ പ്രതികൾ പരാതിക്കാരിൽ നിന്നും ഓൺലൈനായി പണം അയച്ച നമ്പർ കണ്ടെത്തുകയും ഇതുവഴി പ്രതികളെ പിടികൂടുകയുമായിരുന്നു. ഒരാളെ കക്കോടിയിൽ നിന്നും മറ്റുള്ളവരെ വെള്ളിമാടുക്കുന്നിൽ നിന്നുമാണ് പിടികൂടിയത്. അഭിനവ്, നിഹാൽ എന്നിവരുടെ പേരിൽ കസബ, നടക്കാവ്, എലത്തൂർ എന്നീ സ്റ്റേഷനുകളിലും നേരത്തെ കേസുകൾ ഉണ്ട്.