തിരുവനന്തപുരം: മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയും . തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ദിയയുടെ സ്ഥാപനമായ ‘ഓ ബൈ ഓസി’യിലെ വനിതാ ജീവനക്കാർ നൽകിയ പരാതികളുമായി ബന്ധപ്പെട്ടാണ് കേസ്. സാമ്പത്തിക തർക്കം പരിഹരിക്കാനെന്ന വ്യാജേന കൃഷ്ണകുമാറും ദിയയും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതിക്കാർ ആരോപിച്ചിരുന്നു.
‘ മൂന്ന് വ്യത്യസ്ത കാറുകളിൽ സിസിടിവി ഇല്ലാത്ത മറ്റൊരു ഓഫീസിലേക്ക് കൊണ്ടുപോയി. ഏകദേശം പത്ത് പേർ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ ഫോണുകൾ പിടിച്ചെടുത്തു, ദിയ വധഭീഷണി പോലും മുഴക്കി. പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാൾ ഞങ്ങളെ ഭീഷണിപ്പെടുത്തി. ദിയയുടെ പ്രസവശേഷം ഞങ്ങൾ രാജിവയ്ക്കാൻ പദ്ധതിയിട്ടിരുന്നു.പലപ്പോഴും ഞങ്ങളുടെ കുടുംബങ്ങളെ ജോലിസ്ഥലത്തെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കും. ജാതി അധിക്ഷേപങ്ങൾ ഉപയോഗിച്ച് അവർ ഞങ്ങളെ അപമാനിച്ചു ‘ എന്നൊക്കെയാണ് പരാതിയിൽ പറഞ്ഞിരുന്നത് .
അതേസമയം ജീവനക്കാർ സാമ്പത്തിക തിരുമറി നടത്തിയെന്ന് ഉറപ്പിച്ചു പൊലീസ്. കടയിലെ 3 ജീവനക്കാരുടെ അക്കൗണ്ടിലായി ഒരു വർഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായി കണ്ടെത്തി. 2024 ജനുവരി മുതൽ കഴിഞ്ഞ മെയ് മാസം വരെയുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും വ്യക്തമായി.