കരൂർ: ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് . ഡിഎംകെയെ “ദുഷ്ടശക്തി” എന്ന് വിശേഷിപ്പിച്ച വിജയ് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പാർട്ടിയെ പാഠം പഠിപ്പിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു. കരൂരിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മുതിർന്ന ഡിഎംകെ നേതാക്കളായ വി. സെന്തിൽ ബാലാജി, ഇ.വി. വേലു എന്നിവരെ പേരെടുത്ത് പറയാതെ, അവർക്കെതിരെ അഴിമതി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. ഡിഎംകെ സർക്കാർ അഴിമതിയെ സ്ഥാപനവൽക്കരിച്ചിട്ടുണ്ടെന്ന് പറഞ്ഞ വിജയ് കൈക്കൂലി നൽകുന്ന സംസ്കാരം തള്ളിക്കളയാനും ജനങ്ങളോട് ആഹ്വാനം ചെയ്തു.
കൈക്കൂലി നൽകില്ലെന്ന് ജനങ്ങൾ ധൈര്യത്തോടെ പറയണം. ടിവികെ സർക്കാർ സംസ്ഥാനത്ത് വോട്ടിന് പണം നൽകുന്ന സംസ്കാരം പിഴുതെറിഞ്ഞു . അധികാരം നിലനിർത്താൻ തന്റെ സർക്കാർ കുതിരക്കച്ചവടം നടത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കളഞ്ഞ വിജയ്, തന്റെ ഭരണത്തിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ഉറപ്പിച്ചു പറഞ്ഞു.
സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ ഒരു നീക്കവും തമിഴ്നാട് അംഗീകരിക്കില്ലെന്ന് പറഞ്ഞ വിജയ് നിർദ്ദിഷ്ട അതിർത്തി നിർണ്ണയ പ്രക്രിയയോടുള്ള എതിർപ്പ് ആവർത്തിച്ചു. ദീർഘകാലമായി നിലനിൽക്കുന്ന മേക്കാദാട്ടു അണക്കെട്ട് വിഷയത്തെ കൈകാര്യം ചെയ്ത, ഡിഎംകെയുടെ രീതിയെ അദ്ദേഹം വിമർശിക്കുകയും നിയമനടപടികളെക്കുറിച്ചുള്ള ഡിഎംകെയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുകയും ചെയ്തു.
2025 സെപ്റ്റംബറിൽ ടിവികെ റാലിക്കിടെ 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തം തനിക്ക് അങ്ങേയറ്റം വേദന ഉണ്ടാക്കി . ജനങ്ങൾക്കുവേണ്ടിയാണ് താൻ രാഷ്ട്രീയത്തിൽ വന്നത്. തിക്കിലും തിരക്കിലും പെട്ട് തനിക്ക് സഹോദരങ്ങളെയും സഹോദരിമാരെയും കുടുംബത്തെയും നഷ്ടപ്പെട്ടു
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് കഴിയുമെന്ന് താൻ വിശ്വസിച്ചിരുന്നു. എന്നാൽ ആ മരണങ്ങൾക്ക് താൻ ഉത്തരവാദിയാണെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. ദ്രാവിഡ നേതാവ് സി.എൻ. അണ്ണാദുരൈയുടെ ജന്മവാർഷികത്തിൽ നവജാത ശിശുക്കൾക്കായി സംസ്ഥാന സർക്കാർ സ്വർണ്ണ മോതിര പദ്ധതി ആരംഭിക്കുമെന്നും പുതിയ ക്ഷേമ സംരംഭം പ്രഖ്യാപിച്ചുകൊണ്ട് വിജയ് പറഞ്ഞു..

