കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ് പാലക്കാട് നിയമസഭാ മണ്ഡലം. കരിമ്പനകൾക്കിടയിലൂടെ ആഞ്ഞ് വീശുന്ന തിരഞ്ഞെടുപ്പ് കാറ്റിനൊപ്പം പാലക്കാട് മണ്ഡലം ഇടത്തോട്ടും വലത്തോട്ടും ചാഞ്ചാടും. അതുകൊണ്ട് തന്നെ മണ്ഡലം പിടിയ്ക്കാൻ ഇത്തിരിയൊന്നും വിയർത്താൽ പോര മുന്നണികൾക്ക്.
1957 ലാണ് പാലക്കാട് നിയമസഭാ മണ്ഡലം രൂപം കൊണ്ടത്. പാലക്കാട് മുനിസിപ്പാലിറ്റയും, കണ്ണാടി, പിരായിരി, മാത്തൂർ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളും പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
പിറവിയ്ക്ക് പിന്നാലെ മണ്ഡലം കോൺഗ്രസിന്റെ കൈകൾ മുറുകെ പിടിച്ചു. 1957 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആർ രാഘവൻ ആയിരുന്നു വിജയിച്ചത്. പിന്നീട് 60 ലും അദ്ദേഹം മണ്ഡലം നിലനിർത്തി. എന്നാൽ 67 ലെ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം ഇടതിനൊപ്പം ചേർന്നു. ആർ കൃഷ്ണൻ ആയിരുന്നു മണ്ഡലത്തിൽ വിജയിച്ച ആദ്യ ഇടത് സ്ഥാനാർത്ഥി. 70 ലും അദ്ദേഹം മണ്ഡലം നിലനിർത്തി. എന്നാൽ ഇടതിന്റെ പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായിരുന്നു 1977 ലെ തിരഞ്ഞെടുപ്പ്. സിഎം സുന്ദരനിലൂടെ മണ്ഡലം യുഡിഎഫ് തിരിച്ച് പിടിച്ചു. പിന്നീട് 1991 വരെ മണ്ഡലം കോൺഗ്രസിന്റെ കൈപ്പിടിയിൽ സുരക്ഷിതം.
എന്നാൽ 1996 ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ കൈവിട്ട മണ്ഡലം ടികെ നൗഷാദിലൂടെ ഇടത് പാളയത്തിലേക്ക് മാറി. പിന്നീട് 2001 ലെ തിരഞ്ഞെടുപ്പിൽ കെ. ശങ്കരനാരായണനിലൂടെ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചു. 2011 മുതൽ ഇപ്പോൾവരെ കോൺഗ്രസിനൊപ്പമാണ് പാലക്കാട് നിയമസഭാ മണ്ഡലം. 2011 ലും 2016 ലും 2021 ലും ഷാഫി പറമ്പിൽ മണ്ഡലത്തിൽ അജയ്യനായി തുടർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി വിജയിച്ചതോടെ അദ്ദേഹത്തിന്റെ പിൻഗാമിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തി.
ഇടത്തോട്ടും വലത്തോട്ടും ചായുന്ന മണ്ഡലത്തിൽ ബിജെപിയുടെ സ്വാധീനം എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ് മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതിനെ പിന്തള്ളി ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. 2021 ൽ പാലക്കാട് മത്സരിച്ച മെട്രോമാൻ ഇ ശ്രീധരൻ അരലക്ഷം വോട്ടുകളാണ് വാരിക്കൂട്ടിയത്. 2016 ൽ മണ്ഡലത്തിൽ മത്സരിച്ച ബിജെപിയുടെ കരുത്തുറ്റ നേതാവ് ശോഭാ സുരേന്ദ്രൻ 40,000 വോട്ടുകൾ സ്വന്തമാക്കി. ഇക്കുറിയും മണ്ഡലത്തിൽ ബിജെപിയ്ക്കായി അങ്കത്തിനിറങ്ങുന്നത് ശോഭാ സുരേന്ദ്രനാണ്.
ഒരു സെലിബ്രിറ്റിയെ ആണ് ഇക്കുറി പാലക്കാട് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കുന്നത്. നടൻ രമേഷ് പിഷാരടിയാണ് 2026 ലെ പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി. കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് ശേഷമാണ് തങ്ങളുടെ സ്ഥാനാർത്ഥിയെ സർപ്രൈസായി എൽഡിഎഫ് പ്രഖ്യാപിച്ചത്. പ്രമുഖ ഹോട്ടൽ വ്യവസായിയായ എൻഎംആർ റസാഖ് ആണ് പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി.

