യുഡിഎഫിന്റെ കുത്തകയെന്ന വിശേഷണം ഏറ്റവും കൂടുതൽ യോജിച്ച നിയമസഭാ മണ്ഡലമാണ് എറണാകുളം. കാരണം കഴിഞ്ഞ കാൽ നൂറ്റാണ്ടായി യുഡിഎഫ് സ്ഥാനാർത്ഥിയല്ലാതെ മറ്റാരും ഇവിടെ വിജയിച്ചിട്ടില്ല. സ്ഥാനാർത്ഥിയെക്കാൾ പ്രാധാന്യം കൈപ്പത്തി ചിഹ്നത്തിന് നൽകുന്നവരാണ് എറണാകുളത്തുകാരെന്ന് സാരം.
1957 ലാണ് എറണാകുളം നിയമസഭാ മണ്ഡലം നിലവിൽവന്നത്. കൊച്ചി താലൂക്കിലെ കൊച്ചി നഗരസഭയുടെ 26ാം വാർഡും, കണയന്നൂർ താലൂക്കിലെ ചേരാനല്ലൂർ പഞ്ചായത്തും, ഇതേ താലൂക്കിലെ കൊച്ചി നഗരസഭയുടെ 27 മുതൽ 30 വരെയുള്ള വാർഡുകളും, 32, 35, എന്നീ വാർഡുകളും 52 മുതൽ 66 വരെയുള്ള വാർഡുകളും ഇതിൽ ഉൾപ്പെടുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് ആണ് ഇവിടുത്തെ നിലവിലെ എംഎൽഎ.
2001 മുതൽ തുടർച്ചയായി കോൺഗ്രസിന്റെ കൈപിടിച്ച മണ്ഡലമാണ് എറണാകുളം. 2001 ൽ കെ.വി തോമസിനെ വിജയിപ്പിച്ചുകൊണ്ടായിരുന്ന ജനങ്ങൾ മണ്ഡലത്തെ കോൺഗ്രസിന്റെ കൈകളിൽ ഏൽപ്പിച്ചത്. പിന്നീട് 2006 ലെ തിരഞ്ഞെടുപ്പിൽ കെ.വി തോമസ് വിജയം ആവർത്തിച്ചു. 2011 ലും 2016 ലും ഹൈബി ഈഡൻ മണ്ഡലത്തിൽ നിന്നും വിജയിച്ചുകയറി. പിന്നീട് 2019 ലെ ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ ടി.ജെ വിനോദിനെ പിന്തുണച്ചു. 2021 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹവും വിജയം ആവർത്തിച്ചു.
മുൻ തിരഞ്ഞെടുപ്പിലെല്ലാം കനത്ത തോൽവിയായിരുന്നു എൽഡിഎഫിന് നേരിടേണ്ടിവന്നത്. അതുകൊണ്ട് തന്നെ ഇക്കുറി മണ്ഡലം എങ്ങിനെയെങ്കിലും വശത്താക്കുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. കാലങ്ങളായി ഇടത് മുന്നണിയിൽ സിപിഎം കൈവശം വച്ചുവരുന്ന സീറ്റാണ് എറണാകുളം. 1987 ൽ എം.കെ സാനുവും 1998 ൽ സെബാസ്റ്റ്യൻ പോളുമാണ് ഇടതുപക്ഷത്ത് നിന്നും ആകെ വിജയിച്ചിട്ടുള്ളത്.
ലത്തീൻ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളം. അതിനാൽ വോട്ട് ഭിന്നിപ്പിയ്ക്കുക എന്ന തന്ത്രമാണ് മണ്ഡലത്തിൽ സിപിഎം ഇക്കുറി പരീക്ഷിക്കുന്നത്. സോഷ്യലിസ്റ്റ് നേതാവ് സാബു ജോർജ് ആണ് ഇക്കുറി എറണാകുളത്ത് നിന്നും ജനവിധി തേടുന്ന ഇടത് സ്ഥാനാർത്ഥി. ലത്തീൻ സമുദായത്തിൽ നിന്നുള്ള നേതാവാണ് സാബു ജോർജ്. അതുകൊണ്ട് തന്നെ ഇക്കുറി മണ്ഡലം പിടിയ്ക്കാൻ കഴിയുമെന്നാണ് ഇടതുപക്ഷത്തിന്റെ ധാരണ. എന്നാൽ സിറ്റിംഗ് സീറ്റ് കൈവിട്ട് പോകില്ലെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ട്.

