തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. സുധാകരന് ഒരു തെറ്റിദ്ധാരണയും ഇല്ലെന്നും മാധ്യമങ്ങൾ അത്തരം തെറ്റിദ്ധാരണകൾ സൃഷ്ടിക്കരുതെന്നും സജി ചെറിയാൻ പറഞ്ഞു.
“ആലപ്പുഴയിൽ ജീവിച്ചിരിക്കുന്ന പാർട്ടിയിലെ ഏറ്റവും പ്രമുഖനായ നേതാവാണ് ജി സുധാകരൻ സാർ. കേരളത്തിൽ പാർട്ടിക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഞങ്ങൾ നടപടിയെടുക്കും. അദ്ദേഹം പാർട്ടിയിൽ നിന്ന് അകന്നു നിന്നിട്ടില്ല. ഇപ്പോൾ പാർട്ടിക്ക് എതിരാണെന്ന് കാണിക്കാൻ ശ്രമിക്കരുത്.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, ഞങ്ങൾ അദ്ദേഹവുമായി സംസാരിക്കും. അദ്ദേഹത്തിന് കൈകാര്യം ചെയ്യാൻ കഴിയുന്ന ഉത്തരവാദിത്തങ്ങൾ നൽകും. അദ്ദേഹത്തെ നശിപ്പിച്ചുകൊണ്ട് ഞങ്ങൾക്ക് ഒന്നും നേടാനില്ല. എന്നെ വിമർശിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. ജീവിതത്തിൽ വിമർശനങ്ങൾ കേട്ടാണ് ഞങ്ങൾ വളർന്നത് . സുധാകരൻ സാർ എന്റെ നേതാവാണ് . അദ്ദേഹത്തെ ഒരു തരത്തിലും ഉപദേശിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ലെന്നും “ സജി ചെറിയാൻ പറഞ്ഞു.
നേരത്തെ, ജി. സുധാകരൻ സജി ചെറിയാനെ പരസ്യമായി വിമർശിച്ചിരുന്നു. മന്ത്രി തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചെന്നും ചില അംഗങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്നും ജി. സുധാകരൻ ആരോപിച്ചു. സജി ചെറിയാനെതിരെ പാർട്ടി നടപടി സ്വീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു. “എന്നെക്കുറിച്ച് നന്നായി സംസാരിക്കേണ്ടത് പാർട്ടിയാണ്. സജി ചെറിയാന്റെ സംഘം എന്നെ ബിജെപിയിലേക്ക് തള്ളിവിടാൻ പോലും ശ്രമിച്ചു. ആരും എനിക്കെതിരെ ഇതുവരെ ഒരു പോരാട്ടത്തിലും വിജയിച്ചിട്ടില്ല. ഞാൻ പുന്നപ്രയുടെയും വയലാറിന്റെയും മണ്ണിൽ നിന്നാണ് സംസാരിക്കുന്നത്.”എന്നും സുധാകരൻ പറഞ്ഞിരുന്നു.

