കുമളി : ഇടുക്കിയിൽ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കൂടുതൽ ഉയരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാൽ ജലനിരപ്പ് 139 അടി കവിഞ്ഞു. നിലവിൽ 13 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. സെക്കൻഡിൽ 9403 ഘനയടി വെള്ളം തുറന്നുവിടുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടിവരുമെന്ന് തമിഴ്നാട് ജല അതോറിറ്റി വ്യക്തമാക്കി.
ഷട്ടറുകൾ ഒരു മീറ്ററിൽ നിന്ന് 1.5 മീറ്ററായി ഉയർത്തേണ്ടിവരും. സെക്കൻഡിൽ 10178 ഘനയടി വെള്ളം തുറന്നുവിടേണ്ടിവരുമെന്ന് തമിഴ്നാട് ജല അതോറിറ്റി പ്രഖ്യാപിച്ചു. അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകുന്ന ജനവാസ മേഖലകളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.
കുമളിയിൽ ഇന്നലെ രാത്രി കനത്ത മഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മണ്ണിടിച്ചിലിൽ ഇടിച്ചുകയറി ഒരാൾ മരിച്ചു. വെള്ളാരംകുന്ന് പാറപ്പള്ളിൽ വീട്ടിൽ പി.എം. തോമസ് (തങ്കച്ചൻ -66) ആണ് അപകടത്തിൽ മരിച്ചത്. കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. കനത്ത മഴയെത്തുടർന്ന് റോഡിൽ കിടക്കുന്ന കല്ലിൽ ഇടിച്ച് സ്കൂട്ടർ മൺകൂനയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു . കുമളിയിലും പരിസര പ്രദേശങ്ങളിലും വീടുകളിലാകെ വെള്ളം കയറിയ നിലയിലാണ്.

