തിരുവനന്തപുരം : 100 ൽ 50 സീറ്റും നേടി തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രപരമായ മുന്നേറ്റം നടത്തിയ ബിജെപിയുടെ മേയർ ആരായിരിക്കുമെന്ന് ചോദ്യമുയരുന്നു . വി വി രാജേഷിനെ മേയറായി ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും, മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേരും പരിഗണനയിൽ ഉണ്ട്. രാജേഷിനെ മേയറാക്കി ശ്രീലേഖയെ ഡപ്യൂട്ടി മേയർസ്ഥാനത്തേയ്ക്കും പരിഗണിക്കുന്നുണ്ട്.
കേരളത്തിലെ ആദ്യത്തെ ഐപിഎസ് വനിതാ ഓഫീസർ എന്ന പ്രശസ്തി ആർ ശ്രീലേഖയെ പരിഗണിക്കാൻ കാരണമായേക്കും . ബിജെപി കേന്ദ്ര നേതൃത്വം ഉറ്റുനോക്കുന്ന നഗരങ്ങളിലൊന്നാണ് തിരുവനന്തപുരം. ശ്രീലേഖയ്ക്ക് ഉയർന്ന പ്രൊഫൈലും സ്ത്രീയാണെന്ന വസ്തുതയും കണക്കിലെടുക്കുമ്പോൾ മുൻഗണനയുമുണ്ട്.
എന്നാൽ പൊതുരംഗത്തെ അനുഭവക്കുറവ് പോരായ്മയായിരിക്കും. ഭരണപരിചയമുള്ളവർക്ക് വേണ്ടി കോർപ്പറേഷനെ കൈമാറാനാണ് ബിജെപി ശ്രമിക്കുന്നത്. പൊതുസേവനത്തിലെ ദീർഘകാല പരിചയവും കോർപ്പറേഷനിലെ ബിജെപിയുടെ മുഖമെന്ന പ്രതിച്ഛായയും കണക്കിലെടുക്കുമ്പോൾ വിവി രാജേഷിനാണ് മുൻതൂക്കം. ശ്രീലേഖയേക്കാൾ പ്രായം കുറവായതിനാൽ, കേരളത്തിലെ ആദ്യത്തെ ബിജെപി മേയർ സ്ഥാനം വിവി രാജേഷിന്റെ കൈകളിലായേക്കാം. കഴിഞ്ഞ അഞ്ച് വർഷമായി കോർപ്പറേഷൻ ഭരണത്തിനെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് രാജേഷായിരുന്നു.

